പത്തു വയസ്സുകാരിയെ പീഡിപ്പിച്ച 65കാരന് 12 വർഷം തടവും പിഴയും

തളിപ്പറമ്പ്: പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 65കാരന് 12 വർഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാലാവയൽ ചാവറഗിരി കൂട്ടകുഴി കോളനിയിലെ പി.വി. നാരായണനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. രണ്ട് വകുപ്പുകളിലായി 12 വർഷം തടവിനും ലക്ഷം രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്.
2017ൽ പെൺകുട്ടി താമസിക്കുന്ന വീട്ടിലെ മുറിയിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായാണ് പരാതി. പരാതിയെ തുടർന്ന് ചെറുപുഴ എസ്.ഐ പി. സുകുമാരൻ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
തുടർന്ന് പയ്യന്നൂർ ഇൻസ്പെക്ടർ എം.പി. ആസാദ് പ്രാഥമിക അന്വേഷണം നടത്തുകയും ചെറുപുഴ എസ്.ഐ എം.എൻ. ബിജോയ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.