റെയിൽവേയ്ക്ക് ലഭിച്ചത് 290 കോടി രൂപ എന്നിട്ടും പരിഗണനയില്ല

കണ്ണൂർ: കഴിഞ്ഞ സാമ്പത്തികവർഷം കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്റ്റേഷനുകൾ റെയിൽവേയ്ക്ക് നൽകിയത് 290 കോടിയോളം രൂപ.
എന്നിട്ടും തീവണ്ടി യാത്രാസൗകര്യങ്ങളുടെ കാര്യത്തിൽ കടുത്ത അവഗണനയാണ്. ഹാൾട്ട് സ്റ്റേഷൻ മുതൽ കണ്ണൂർ, കാസർകോട് എന്നിവ ഉൾപ്പെടെ 25 സ്റ്റേഷനുകളിലെ യാത്രാവരുമാനമാണിത്. ഒരുവർഷം ശരാശരി 2.80 കോടി യാത്രക്കാർ ഇരുജില്ലകളിൽനിന്നുമായി തീവണ്ടിയെ ആശ്രയിക്കുന്നു. കണ്ണൂരിൽനിന്ന് മാത്രം ഒരുവർഷം ശരാശരി 60 ലക്ഷം പേർ സഞ്ചരിക്കുന്നു.
യാത്രാക്കൂലിയായി വർഷാവർഷം തുക വർധിക്കുമ്പോൾ പാളത്തിൽ വികസനം കാണാനില്ല. ചെറുദൂര മെമുവണ്ടികളുടെ കുറവ്, എക്സ്പ്രസ് വണ്ടികളിൽ ജനറൽ കോച്ച് കുറയ്ക്കുന്നത് ഉൾപ്പെടെ ഉത്തരമലബാറിലെ യാത്രക്കാരെ കഷ്ടപ്പെടുത്തുകയാണ്. പാലക്കാട് ഡിവിഷനിൽ നേത്രാവതി ഉൾപ്പെടെ ഒരു തീവണ്ടിയിലും പകൽ സ്ലീപ്പർടിക്കറ്റ് നൽകുന്നില്ല. തിരുവനന്തപുരം ഡിവിഷനിൽ നടപ്പാക്കുന്നുമുണ്ട്.
തീവണ്ടിയിൽ ‘വഴി’അടയ്ക്കുന്നു
ജനറൽ കോച്ചിലെ യാത്രക്കാർ റിസർവ് കോച്ചുകളിൽ കയറുന്നത് തടയാൻ തീവണ്ടിയിൽ ‘വഴി’ അടയ്ക്കാനും നടപടി തുടങ്ങി. നേത്രാവതി ഉൾപ്പെടെ എൽ.എച്ച്.ബി. കോച്ചുകളുള്ള വണ്ടികളിലാണ് കോച്ചുകൾക്കിടയിലുള്ള (വെസ്റ്റിബ്യൂൾ വഴി) വാതിൽ ലോക്ക് ചെയ്യുന്നത്. എ.സി., സ്ലീപ്പർ കോച്ചുകളിലെ യാത്രക്കാർക്ക് പരാതിയുണ്ടെന്നാണ് റെയിൽവേ പറയുന്നത്.
മെമുവിനെ തിരിച്ചുവിളിക്കൂ…
ഉത്തരമലബാറുകാർക്കുവേണ്ടി ഓടിയ കണ്ണൂർ-മംഗളൂരു-കണ്ണൂർ മെമു റേക്ക് ഇപ്പോഴില്ല. നാലുമാസത്തോളം പാലക്കാട് മെമു ഷെഡിൽ ഉണ്ടായിരുന്ന റേക്ക് ഇപ്പോൾ കൊല്ലം ഡിപ്പോയിലാണ് ഓടുന്നത്. മെമുവിനെ തിരിച്ചുവിളിച്ച് കോഴിക്കോട്-മംഗളൂരു 221 കിലോമീറ്റർ ദൂരം ഓടിക്കണം. കോഴിക്കോട്ടുനിന്ന് ആറിനുശേഷം പുറപ്പെടുന്നരീതിയിൽ ഹ്രസ്വദൂര സർവീസാണ് ആവശ്യം.വിഷയം ബോർഡിനെ അറിയിക്കും
എക്സിക്യൂട്ടീവ് എക്സ്പ്രസ് ഉൾപ്പെടെ കാസർകോട്ടേക്ക് നീട്ടാൻ നിരന്തരം റെയിൽവേ ബോർഡിന് കത്തയച്ചിരുന്നു. പാർലമെന്റിലും ആവശ്യമുന്നയിച്ചു. ഇക്കാര്യം ബോർഡിന് മുന്നിൽ വീണ്ടുമെത്തിക്കും. റെയിൽവേ മന്ത്രിക്കും ജനറൽ മാനേജർക്കും കത്തയക്കും.
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.
ആസ്പത്രിയാത്ര ദുരിതം
കോഴിക്കോട് മെഡിക്കൽ കോളേജ്, മലബാർ കാൻസർ സെന്റർ എന്നിവിടങ്ങളിലുൾപ്പെടെ പോകേണ്ട യാത്രക്കാരാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. ജനറൽ കോച്ച് കുറച്ചതും രാത്രി വണ്ടികളില്ലാത്തതും തിരിച്ചടിയാണ്. കണ്ണൂരിൽ അവസാന സ്റ്റോപ്പുള്ള ചില വണ്ടികൾ കാസർകോട്ടേക്ക് നീട്ടണം. റെയിൽവേ ബോർഡിനെ അറിയിക്കും.
ഡോ. വി. ശിവദാസൻ എം.പി.
റെയിൽവേ ഇടപെടണം
ഉത്തരമലബാറിലേക്ക് രാത്രി തീവണ്ടിയില്ലാത്തതിനാൽ ഏറെ വിഷമിക്കുന്നത് സ്ത്രീയാത്രക്കാരാണ്. ജനറൽ കോച്ചിലെ തിരക്കും ലേഡീസ് കോച്ചില്ലാത്തതും തിരിച്ചടിയാകുന്നു. ഇത് റെയിൽവേ അടിയന്തരമായി പരിഹരിക്കണം.
ബേബി ബാലകൃഷ്ണൻ,പ്രസിഡന്റ്, കാസർകോട് ജില്ലാ പഞ്ചായത്ത്.
കണ്ണൂർ, കാസർകോട് 25 സ്റ്റേഷനുകൾ
ഒരു വർഷം വരുമാനം: 290 കോടി (ശരാശരി)
യാത്രക്കാർ: 2.80 കോടിവണ്ടി നിർത്തിയിടാൻ
മഞ്ചേശ്വരം, കാഞ്ഞങ്ങാട്, ചെറുവത്തൂർ: മൂന്ന് പ്ലാറ്റ്‌ഫോം, നാല് പാളങ്ങൾ.
കാസർകോട്, പയ്യന്നൂർ: മൂന്ന് പ്ലാറ്റ്‌ഫോം, മൂ ന്ന് പാളങ്ങൾ.