യാതനകൾ സഹിച്ച് കണ്ണൂരിലെ സ്ത്രീ യാത്രക്കാർ
കണ്ണൂർ: പ്ലാറ്റ്‌ഫോം-ഒന്ന്. സമയം വൈകീട്ട് 6.40. മംഗളൂരു ഭാഗത്തേക്കുള്ള അവസാന തീവണ്ടി കണ്ണൂരിൽ നിൽക്കുന്നു. നേത്രാവതി എക്സ്പ്രസിന് മുന്നിലും പിന്നിലുമായി ആകെ ഒന്നര ജനറൽ കോച്ചുകൾ. മുന്നിലെ ഒരു കോച്ചിൽ പകുതി തപാലിന് വേണ്ടി നീക്കിവെച്ചതാണ്. നാനൂറിലധികം യാത്രക്കാർ രണ്ടു മിനിറ്റിനുള്ളിൽ കയറും. ജനറൽ കോച്ചിലുള്ളവരും കയറുന്നവരുമായി 300-ലേറെപ്പേരുണ്ടാകും. ബാക്കിയുള്ളവർ എവിടെയൊക്കെയോ കയറുന്നു.
ഓരോ സ്റ്റേഷനിലും തിരക്ക് കൂടുമ്പോൾ ജനറൽ കോച്ചിൽനിന്ന് വെസ്റ്റിബ്യൂൾ വഴി അടുത്ത കോച്ചിലേക്ക് യാത്രക്കാർ കയറിനിൽക്കും. പലപ്പോഴും ടിക്കറ്റ് പരിശോധകരുമായി ഇതേച്ചൊല്ലി പ്രശ്നമാകും. ജനറൽ കോച്ച് കൂട്ടാതെ ഇതിന് പരിഹാരമില്ലെന്ന് യാത്രക്കാർ പറയുന്നു.
ഒരു ജനറൽ കോച്ചിലെ സീറ്റിൽ 100 പേർക്ക് ഇരിക്കാം. നിലവിൽ ഇരിക്കുന്നത് ഇരുനൂറോളം പേർ. നിൽക്കുന്നതാകട്ടെ അതിന്റെ ഇരട്ടിയും. സ്ലീപ്പറിനൊപ്പം ജനറൽ കോച്ചും ഇപ്പോൾ റെയിൽവേ കുറച്ചുതുടങ്ങി. എ.സി. കോച്ചുകൾ കൂട്ടുമ്പോൾ റെയിൽവേക്ക് ലഭിക്കുന്നത് വൻ ലാഭം
വൈകീട്ട് അവസാന വണ്ടിയായ നേത്രാവതിയിൽ കയറിപ്പറ്റുന്നതുതന്നെ സാഹസമാണെന്ന് യാത്രക്കാരിയായ കെ.വി. വസന്തകുമാരി പറഞ്ഞു. തൃക്കരിപ്പൂർ സ്വദേശിയായ ഇവർ കോഴിക്കോട് കോർപ്പറേഷനിലെ ആരോഗ്യവിഭാഗത്തിൽ ജോലിചെയ്യുന്നു. നേത്രാവതിയിൽ ലേഡീസ് കോച്ചില്ല. ശൗചാലയത്തിൽ പോകുന്നത് ചിന്തിക്കുകയേ വേണ്ട.
കോഴിക്കോട്ടുനിന്ന് 5.15-നാണ് നേത്രാവതി വിടുന്നത്. കയറിപ്പറ്റിയാൽ നാട്ടിലെത്താം. ഇല്ലെങ്കിൽ അന്ന് വരാനാകില്ല. നിലവിൽ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ബെംഗളൂരു എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടണമെന്നും വസന്തകുമാരി പറഞ്ഞു. കോയമ്പത്തൂർ എക്സ്പ്രസ്, എക്സിക്യുട്ടീവ് എക്സ്പ്രസ് എന്നിവ മംഗളൂരുവിലേക്ക് നീട്ടണമെന്ന് പതിവ് യാത്രക്കാരനായ സുരേഷ് കണ്ടങ്കാളി ആവശ്യപ്പെട്ടു. കോഴിക്കോട്-കാസർകോട് റൂട്ടിൽ കൂടുതൽ സർവീസ് നടത്താൻ കഴിയുംവിധം ലോക്കൽ, എക്സ്പ്രസ് സർവീസുകൾ ക്രമീകരിക്കണമെന്ന് റെയിൽവേ പാസഞ്ചർ അസോസിയേഷൻ ഭാരവാഹി പി. പ്രദീപ്കുമാർ നിർദേശിച്ചു.
സങ്കടം സാമൂഹിക മാധ്യമത്തിലും
കാസർകോട് കേന്ദ്ര സർവകലാശാലയിൽ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശി ശ്രീഹരി സാമൂഹികമാധ്യമത്തിൽ എഴുതി: കോഴിക്കോട്ടുനിന്ന് വൈകീട്ട് അഞ്ച് കഴിഞ്ഞാൽ പിറ്റേദിവസം മാത്രം വണ്ടിയുള്ള ജില്ലയാണ് കാസർകോട്. അതിൽത്തന്നെ ഒന്നര ജനറൽ കോച്ച് മാത്രമുള്ള നേത്രാവതിയും മംഗളയും മാറ്റിനിർത്തിയാൽ അഞ്ചിനുള്ള പരശുറാമാണ് ഒരേയൊരു ആശ്രയം. അത് കഴിഞ്ഞാൽ 9.20-ന് വരുന്ന കണ്ണൂർ എക്സിക്യുട്ടീവുണ്ട്. അതിൽ കയറി കണ്ണൂർ ഇറങ്ങി പുറത്തേക്ക് ഓടിയാൽ രണ്ട് കെ.എസ്.ആർ.ടി.സി. ബസ്സുണ്ട്.
അതിൽ കയറിയാൽ രാത്രി ഒന്നരയോടെ കാസർകോട്ടെത്താം. അതായത് കണ്ണൂർ എക്സിക്യുട്ടീവ് നീട്ടിയാൽ നേരത്തെ കാസർകോട്ടെത്താം.
ജനറൽ കോച്ച് 100 സീറ്റ്
ഇപ്പോൾ യാത്രചെയ്യുന്നത്.
ഇരിക്കുന്നവർ-200;
നിൽക്കുന്നവർ 300
എ.സി. കോച്ചിലെ ലാഭം
കണ്ണൂർ-തിരുവനന്തപുരം
സ്ലീപ്പർ ടിക്കറ്റ്-310 രൂപ
ആകെ 72 സീറ്റ്
റെയിൽവേയ്ക്ക് ലഭിക്കുന്നത് 22,320 രൂപ
ഡ് എ.സി. 835 രൂപ
ആകെ 64 സീറ്റ്
റെയിൽവേക്ക് ലഭിക്കുന്നത് -53,440 രൂപ
