കസ്റ്റഡിയിലുള്ളവരുടെ വൈദ്യപരിശോധന: മാർഗനിർദേശങ്ങളായി
തിരുവനന്തപുരം : പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ മെഡിക്കൽ പരിശോധനയ്‌ക്കും മജിസ്ട്രേട്ടിനു മുന്നിലും ഹാജരാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് മാർഗനിർദേശങ്ങളായി. 2022 മെയ് ഏഴിന് പ്രസിദ്ധീകരിച്ച മെഡിക്കോ ലീഗൽ പ്രോട്ടോകോളിൽ ഭേദഗതി വരുത്തിയാണ് മാർഗനിർദേശം. ഇത് മന്ത്രിസഭ അംഗീകരിച്ചു.
ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോൾ നിരീക്ഷിച്ചും വിവരങ്ങൾ ശേഖരിച്ചും ശാരീരിക, മാനസിക, ലഹരി ദുരുപയോഗ അവസ്ഥ പൊലീസ് ഉറപ്പാക്കണം. സംശയകരമായ സാഹചര്യമുണ്ടെങ്കിൽ സ്വകാര്യ ഡയറിലും സ്റ്റേഷനിലെത്തിക്കുമ്പോൾ ജനറൽ ഡയറിയിലും രേഖപ്പെടുത്തണം. നേരിട്ട് ആശുപത്രിയിൽ കൊണ്ടുപോയാൽ സ്റ്റേഷനിലറിയിക്കണം. ആശുപത്രി ജീവനക്കാരെ മെഡിക്കൽ പരിശോധനയ്ക്കുമുമ്പായി ഇക്കാര്യം അറിയിക്കണം.
വൈദ്യപരിശോധനയ്ക്ക് കൊണ്ടുവരാൻ ബ്രത്ത് അനലൈസർ ഉപയോഗിക്കണം. വ്യക്തമായ ഒപ്പും സീലും രേഖപ്പെടുത്തിയ ക്രൈം നമ്പറോ ജിഡി എൻട്രി റഫറൻസോ നൽകിയാണ് മദ്യപാന പരിശോധനാ സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത്. ആക്രമണ സ്വഭാവമുള്ള വ്യക്തികളെ കൈവിലങ്ങിട്ടുവേണം പരിശോധനയ്‌ക്ക് ഹാജരാക്കാൻ. ആരോഗ്യപ്രവർത്തകന്റെ സുരക്ഷ ഉറപ്പാക്കണം. മദ്യപിച്ചും അക്രമാസക്തരായുമുള്ളവരെ പൊലീസ് എസ്കോർട്ടില്ലാതെ ആശുപത്രിയിൽ എത്തിക്കുന്നവർ അടുത്തുള്ള സ്റ്റേഷനിൽ അറിയിക്കണം. ഡോക്ടറുടെ നിർദേപ്രകാരം കൈവിലങ്ങ് നീക്കാം. അക്രമസാഹചര്യത്തിൽ കസ്റ്റഡിയിലെടുക്കുന്ന ഒന്നിലധികമാളുകളെ ഒരുമിച്ച് വൈദ്യ പരിശോധനയ്ക്കായി പ്രവേശിപ്പിക്കരുത്. പ്രതിയുടെ ശരീരത്തിൽ മുറിവുകളോ കേടുപാടുകളോ ഉണ്ടെങ്കിൽ അറസ്റ്റിന് മുമ്പാണോ ശേഷമാണോ സംഭവിച്ചതെന്ന് ഡോക്ടർ റിപ്പോർട്ടിൽ രേഖപ്പെടുത്തണം.
മാനസികാസ്വാസ്ഥ്യമുള്ളവരെ മജിസ്ട്രേട്ടിനു മുമ്പാകെ ഹാജരാക്കുമ്പോൾ എസ്.ഐ റാങ്കിൽ കുറയാത്തയാൾ ഇക്കാര്യം വിശദമായി അറിയിക്കണം. പ്രതിയെ വൈകിട്ട് അഞ്ചിനുശേഷം ഹാജരാക്കേണ്ടി വന്നാൽ അക്കാര്യം മുൻകൂർ അറിയിക്കണം. അറസ്റ്റിലായയാളെ മജിസ്ട്രേട്ടിനു മുമ്പാകെ ഹാജരാക്കുമ്പോൾ പ്രത്യേക അനുമതിയില്ലാതെ വിലങ്ങണിയിക്കരുത്. മെഡിക്കൽ ഉദ്യോഗസ്ഥർക്കെതിരെ അക്രമമുണ്ടായാൽ ഒരു മണിക്കൂറിനകം ഹോസ്പിറ്റൽ പ്രൊട്ടക്‌ഷൻ ആക്ടിലെ വ്യവസ്ഥകൾ ഉൾപ്പെടുത്തി കേസെടുത്ത് 60 ദിവസത്തിനകം കുറ്റപത്രം നൽകണം. മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാനും മന്ത്രിസഭ നിർദേശം നൽകി.
