ഇഷ്ടമുള്ളയാളെ മതം നോക്കാതെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി
മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ പങ്കാളികളെ തിരഞ്ഞെടുക്കുന്നതിന് കടിഞ്ഞാണിടാനാകില്ലെന്ന് ഹൈക്കോടതി. മതംനോക്കാതെ ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം പ്രായപൂര്‍ത്തിയായ പൗരന്മാരുടെ മൗലികാവകാശമാണ്. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്കും സര്‍ക്കാരിനുമൊന്നും ആരെയും നിര്‍ബന്ധിക്കാനും നിയന്ത്രിക്കാനുമാകില്ലെന്നും കോടതി വ്യക്തമാക്കി. ഇതരമതക്കാരനെ വിവാഹം കഴിച്ചതിന് കുടുംബത്തില്‍നിന്ന് ഭീഷണി നേരിടുന്ന യുവതിക്കും ഭര്‍ത്താവിനും പൂര്‍ണ സംരക്ഷണം നല്‍കിക്കൊണ്ട് ജസ്റ്റിസ് സൗരഭ് ബാനര്‍ജിയാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കുക എന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ അവിഭാജ്യ ഘടകമാണ്. ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഈ വകുപ്പ് ഉറപ്പുനല്‍കുന്നുണ്ട്. വിവാഹം ഉള്‍പ്പെടെയുള്ള വ്യക്തി തിരഞ്ഞെടുപ്പുകള്‍ക്ക് ഈ വകുപ്പ് സംരക്ഷണം നല്‍കുന്നുണ്ടെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പങ്കാളികളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന് ഭീഷണി സൃഷ്ടിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. വ്യക്തിപരമായ തിരഞ്ഞെടുപ്പുകള്‍ക്ക് സമൂഹത്തിന്റെ അംഗീകാരം ആവശ്യമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കഴിഞ്ഞ ജൂലൈ 31ന് സ്‌പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം കഴിച്ചവരാണ് പരാതിക്കാര്‍. ഭര്‍ത്താവ് മറ്റൊരു മതക്കാരനായതിനാല്‍ കുടുംബത്തില്‍നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
