പെരളശ്ശേരിയിലെ എട്ടാം ക്ലാസുകാരിയുടെ മരണം; ക്ലാസ് ടീച്ചറുടെ പങ്ക് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
കണ്ണൂർ: എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ ക്ലാസ് ടീച്ചറുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. ഇതുസംബന്ധിച്ച് രണ്ടുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദേശം നൽകി.
ഫെബ്രുവരി ഒമ്പതിന് ജില്ലയിലെ ഒരു സ്കൂളിലാണ് ദാരുണ സംഭവമുണ്ടായത്, മരിച്ച വിദ്യാർഥിനിയും സഹപാഠികളും ചേർന്ന് ഡെസ്കിലും ചുമരിലും മഷി തേച്ചെന്ന് ക്ലാസ് ലീഡർ അറിയിച്ചതനുസരിച്ച് ടീച്ചർ പരസ്യമായി താക്കീത് ചെയ്തിരുന്നതായി ജില്ല വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കമീഷനെ അറിയിച്ചു. സ്കൂൾ വൃത്തിയായി സൂക്ഷിക്കുന്നതിന് ബോധവത്കരണം നൽകിയ ശേഷം കുട്ടികളെ വീട്ടിലേക്ക് വിട്ടുവെന്നും വ്യക്തമാക്കി.
അതേസമയം, നിസ്സാര പ്രശ്നത്തെ ക്ലാസ് ടീച്ചർ പർവതീകരിച്ച് അപക്വമായി ഇടപെട്ടെന്ന് പരാതിക്കാരനായ അഭിഭാഷകൻ വി. ദേവദാസ് കമീഷനെ അറിയിച്ചു. ആത്മഹത്യക്ക് കാരണം ക്ലാസ് ടീച്ചറുടെ പക്വതയില്ലായ്മമയാണെന്നും പരാതിക്കാരൻ ആരോപിച്ചു.
ഇത്തരം സന്ദർഭങ്ങൾ കൈകാര്യം ചെയ്യാൻ കുട്ടികളെപോലെ ടീച്ചർമാർക്കും ബോധവത്കരണം നൽകേണ്ടത് അനിവാര്യമാണെന്ന് കമീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. വിദ്യാർഥിനിയെ പരസ്യമായി അവഹേളിക്കുന്നതിന് പകരം കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു വേണ്ടത്. സെൻസിറ്റീവായ വിദ്യാർഥികൾക്ക് പിന്തുണ നൽകുകയാണ് അധ്യാപകർ ചെയ്യേണ്ടതെന്നും കമീഷൻ ഉത്തരവിൽ വ്യക്തമാക്കി.
