ജൈവ വൈവിധ്യ കേന്ദ്രമായ കുറുവക്കുണ്ടിന് സംരക്ഷണമൊരുങ്ങുന്നു
ചക്കരക്കൽ: ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായ കുറുവക്കുണ്ട് ശ്രദ്ധേയമാകുന്നു. നാലര ഏക്കറിലുള്ള ഈ പ്രകൃതി രമണീയ പ്രദേശം അത്യപൂർവ വൃക്ഷങ്ങളാലും പക്ഷികളാലും സമ്പന്നമാണ്. കക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിന്റെ സ്ഥലമാണിത്. പശ്ചിമഘട്ട മലനിരകളിൽ കണ്ടുവരുന്ന വിവിധയിനം മരങ്ങളും ഔഷധച്ചെടികളും വള്ളിച്ചെടികളാലും സമൃദ്ധം.
നൂറ്റാണ്ടുകൾ പഴക്കമുള്ള നീർമാതളം, വെള്ള പൈൻ, തൊലിയിൽ പോറലേറ്റാൽ രക്തസമാനമായ ദ്രാവകം ഒഴുകി വരുന്ന പാലി, നാഗപ്പൂവ്, കാട്ടുചെക്കി, അരയാൽ, പേരാൽ, വാക, മന്ദാരം, കാട്ടുമുല്ല, പൊൻചെമ്പകം, പാരിജാതം, ഏകനായകം, കുമ്പിൾ, കാട്ടുചെമ്പരത്തി, രുദ്രാക്ഷം, അശോകം, പ്രസാരിണി, തുടങ്ങി ഇരുനൂറ്റമ്പതോളം മരങ്ങളും ഔഷധ സസ്യങ്ങളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
വിവിധ തരം പൂമ്പാറ്റകൾ, പക്ഷികൾ, അണ്ണാൻ, വെരുക് എന്നിവയുടെയും ആവാസകേന്ദ്രമാണ്. കാവിനകത്ത് ചതുപ്പിൽ വളരുന്ന വൃക്ഷങ്ങളുമുണ്ട്. ഇവിടുത്തെ കാട്ടുചോലയിൽ വേലിയേറ്റവും വേലിയിറക്കവും മനസിലാക്കാനാവും.
ക്ഷേത്രത്തിന് ചുറ്റുമായി മൂന്ന് കുളങ്ങളും അഞ്ച് കിണറുകളുമുണ്ട്. കാട്ടു ചോലയിൽനിന്ന് ഒരു തോടും ഉൽഭവിക്കുന്നു. ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഈ ജൈവകലവറയെ ശ്രദ്ധയോടെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് കക്കുന്നത്ത് ക്ഷേത്രം ഭാരവാഹികളും സംരക്ഷണത്തിനുള്ള വിശദ പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ടെന്ന് ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് കെ. ദാമോദരനും പറഞ്ഞു.
