പേരാവൂർ: ഏഷ്യൻ ഗെയിംസ് വനിതാ വോളിയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള താരമാണ് മിനിമോൾ എബ്രഹാം. 2010 ഗാങ്‌ഷൂ ഏഷ്യൻ ഗെയിസ് മുതൽ ഇന്ത്യൻ ടീമിലുണ്ട്. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ നായികയായിരുന്നു. യൂത്ത് ടീം അടക്കം 18 വർഷത്തോളമായി ഇന്ത്യൻ ടീമിലുണ്ട്.
2019 ൽ രാജ്യത്തെ മികച്ച വോളിബോൾ താരത്തിനുള്ള ഉദയകുമാർ പുരസ്‌കാരം നേടി.
2004 ൽ ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിലാണ് ആദ്യമായി രാജ്യത്തെ പ്രതിനിധീകരിച്ചത്. 2009, 2011, 2013, 2019 വർഷങ്ങളിൽ നടന്ന സീനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. 2013ലാണ് ഇന്ത്യൻ ടീമിന്റെ നായികയാവുന്നത്.
ആ വർഷം ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളിലും ടീം ക്യാപ്റ്റനായിരുന്നു.2006- മുതൽ 20-20 വരെ 11 ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത മിനിമോളുടെ നേട്ടം എട്ട് സ്വർണവും മൂന്ന് വെള്ളിയുമാണ്. 2007, 2011 ദേശീയ ഗെയിംസിൽ കേരളത്തിന് സ്വർണമെഡൽ നേടുന്നതിൽ മുഖ്യ പങ്കുവഹിച്ചു.
ഫെഡറേഷൻ കപ്പിലെ നേട്ടം മൂന്ന് സ്വർണവും രണ്ട് വെള്ളിയുമാണ്. 2017, 2018 വർഷങ്ങളിൽ മികച്ച യൂണിവേഴ്സൽ പ്ലെയറിനുള്ള പുരസ്‌കാരം കരസ്ഥമാക്കി . മേപ്പാടിയിലെ എ. കെ പ്രേമചന്ദ്രൻ, തലശേരി സായി സെന്ററിലെ പി. ബാലചന്ദ്രൻ എന്നിവരായിരുന്നു ആദ്യ പരിശീലകർ. 2020-ലെ ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്‌കാര ജേതാവാണ്. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിൽ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറാണ്. പേരാവൂർ ചുങ്കക്കുന്നിലെ അബ്രഹാമിന്റെയും മേരിയുടെയും മകളാണ്.
തീപാറും
ഷോട്ടുമായി
ട്രീസ
പിണറായി: ഷട്ടിൽ കോർട്ടുകളിൽ ഇടിമുഴക്കമുള്ള സ്മാഷും തൂവൽസ്പർശമുള്ള പ്ലേസുമായി ഏഷ്യൻ ഗെയിംസിൽ ആദ്യമായി ചുവടുവയ്‌ക്കുകയാണ് ട്രീസ ജോളി. ലഖ്നൗവിൽ നടന്ന സയിദ് മോദി ഇന്റർനാഷണൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിലാണ് തലശേരി ബ്രണ്ണൻ കോളേജ് ബിബിഎ വിദ്യാർഥിനിയായ ട്രീസ ജോളിയുടെ കരുത്തറിഞ്ഞത്.
വുമൺ ഡബിൾസിൽ ട്രീസ –- ഗായത്രി ഗോപീചന്ദ് കൂട്ടുകെട്ട് റണ്ണറപ്പായി.
ലോക റാങ്കിങ്ങിൽ ഏഴാം സ്ഥാനത്താണ് 18 വയസ്സുകാരി ട്രീസ. കേരള ബാഡ്മിന്റൺ അസോസിയേഷൻ ട്രീസയുടെ മികവ് തിരിച്ചറിഞ്ഞ് ഒരു മാസത്തെ വിദഗ്ധ പരിശീലനത്തിന് ഇന്തോനേഷ്യയിലേക്ക് അയച്ചിരുന്നു. അണ്ടർ- 15ൽ സബ് ജൂനിയർ ഏഷ്യൻ ഗെയിംസിലും റഷ്യയിൽ നടന്ന ജൂനിയർ വേൾഡ് ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ചു.
ബംഗ്ലാദേശിൽ നടന്ന ഇന്റർനാഷണൽ ടൂർണമെന്റിൽ സിംഗിൾസിലും ഡബിൾസിലും ചാമ്പ്യനായി. ദുബായിൽ നടന്ന ഇന്റർനാഷണൽ ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടി. 2021-ൽ ഡെൻമാർക്കിൽ നടന്ന തോമസ് ആൻഡ് ഹ്യൂബർ കപ്പിൽ ഇന്ത്യൻ സീനിയർ ടീമിനെ പ്രതിനിധീകരിച്ച് ക്വാർട്ടർ ഫൈനലിലെത്തി. പോളണ്ടിലെ ഇന്റർനാഷണൽ ചലഞ്ച് ടൂർണമെന്റിൽ റണ്ണറപ്പായി.
ഇന്ത്യയിൽ നടന്ന ഇൻഫോസിസ് ഇന്റർനാഷണൽ ടൂർണമെന്റിൽ ചാമ്പ്യനായി. കണ്ണൂർ സർവകലാശാല നടപ്പാക്കിയ സ്റ്റുഡന്റ് ദത്തെടുക്കൽ പദ്ധതി പ്രകാരമാണ് ട്രീസയുടെ വിദ്യാഭ്യാസവും പരിശീലനവും. ഇപ്പോൾ ഹൈദരാബാദിലെ ഗോപീചന്ദ് കായിക അക്കാദമിയിലാണ് പരിശീലനം.സംസ്ഥാന സ്പോർട്സ് കൗൺസിൽ നൽകുന്ന സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.
കണ്ണൂർ സർവകലാശാല കായിക മേധാവി അനിൽ രാമചന്ദ്രനും മുൻ കായികാധ്യാപകൻകൂടിയായ അച്ഛൻ ജോളി മാത്യുവും പരിശീലകരായിരുന്നു. ചെറുപുഴ സ്വദേശിയാണ്. സഹോദരി മറിയ ബാഡ്മിന്റൺ സബ് ജൂനിയർ സംസ്ഥാന ചാമ്പ്യനാണ്. ചെറുപുഴ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഡെയ്സിയാണ് അധ്യാപിക.