കണ്ണൂർ : ‘ഇവിടെയെത്തിയില്ലെങ്കിൽ ഞങ്ങൾ എന്താകുമായിരുന്നു എന്നറിയില്ല. എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയപ്പോഴാണ് ഈ വഴി തുറന്നത്. കണ്ണൂർ സർവകലാശാലയ്‌ക്കും കേരള സർക്കാരിനും നന്ദി’–കലാപം കലുഷിതമാക്കിയ മണിപ്പുരിൽ നിന്ന് കണ്ണൂർ സർവകലാശാലയിൽ പഠിക്കാനെത്തിയ കിംഷി സിൻസണിന്റെ വാക്കുകളിൽ നിറഞ്ഞത് ആശ്വാസത്തിന്റെ കണങ്ങൾ.
സർവകലാശാലയുടെ താവക്കര ക്യാമ്പസിലാണ് വിദ്യാർഥിസംഘം മണിപ്പുർ ജീവിതത്തിന്റെ ആശങ്കകളും പുതിയ പ്രതീക്ഷകളും പങ്കുവച്ചത്. ‘നാടും വീടും വിട്ടിറങ്ങിയവരാണ് ഞങ്ങളിൽ പലരും. പഠനം തുടരാൻ കേന്ദ്ര സർവകലാശാലകളിൽ പ്രവേശനം ആവശ്യപ്പെട്ട് കുക്കി സ്‌റ്റുഡന്റ്‌സ് യൂണിയൻ യു.ജി.സി.ക്ക് കത്തയച്ചെങ്കിലും നടപടിയുണ്ടായില്ല. കണ്ണൂർ സർവകലാശാലയിൽനിന്ന് മാത്രമാണ് അനുകൂല മറുപടി വന്നത്’’–കിംഷി പറഞ്ഞു. കിംഷിക്കൊപ്പം മോമോ ഖോൻസെയ്, ലംഖോഹട്ട് കിപെൻ, നെയ്‌ടോഹട്ട് ഹൗകിപ്, ഗൗലുങ്‌മൻ ഹൗകിപ്, ലുഖോലംകിപെൻ, ലാമിലെൻ, ജമിൻ ലാൽ ടൊൻസെ എന്നീ എട്ട് വിദ്യാർഥികളാണ് ആദ്യസംഘത്തിലുള്ളത്.
കെ.കെ. ശൈലജ എം.എൽ.എ വിദ്യാർഥികളെ ഷാളണിയിച്ചു. നാല് വിദ്യാർഥികളടങ്ങുന്ന മറ്റൊരു സംഘവും വൈകിട്ടോടെ കണ്ണൂരിലെത്തി. കലാപ പശ്‌ചാത്തലത്തിൽ മണിപ്പുരിലെ വിദ്യാർഥികളുടെ ഉപരിപഠനത്തിന് പ്രത്യേകം സീറ്റുകൾ അനുവദിക്കാൻ ജൂലൈ ഏഴിന് സർവകലാശാല സിൻഡിക്കറ്റ് യോഗം തീരുമാനിച്ചിരുന്നു.
കണ്ണൂർ സർവകലാശാലയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന 70 മണിപ്പുർ വിദ്യാർഥികളുടെ പട്ടിക ലഭിച്ചതായി വി.സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പഠിച്ചുകൊണ്ടിരുന്ന കോഴ്‌സ് തുടരാനാണ് കൂടുതൽപേർക്കും താൽപ്പര്യം. പഠിച്ചുകൊണ്ടിരുന്ന കോഴ്‌സും ഇവിടത്തെ കോഴ്‌സും തമ്മിലുള്ള തുല്യത നിശ്‌ചയിക്കാനും പ്രവേശന നടപടി ഏകോപിപ്പിക്കാനും പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകി.
വിദ്യാർഥി പ്രവേശനത്തിന് അഞ്ച് കോളേജുകളുമായി ചർച്ച നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് വിദ്യാർഥികൾ. പഠനം പൂർത്തിയാകുംവരെ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സമയം നൽകും. ഭക്ഷണവും താമസവുമുൾപ്പടെ കോളേജുകളിൽ സൗജന്യമായി നൽകാൻ ആവശ്യപ്പെടും. പഠനത്തിന് ധനസഹായം നൽകാൻ താൽപര്യമുള്ളവർക്ക് മുന്നോട്ടുവരാമെന്നും വി.സി പറഞ്ഞു.
ബി.ബി.എ, എം.എ ഇംഗ്ലീഷ്, എം.എ പൊളിറ്റിക്കൽ സയൻസ്, ആൻഷ്യന്റ് ഹിസ്‌റ്ററി ആൻഡ് ആർക്കിയോളജി, എം-കോം, സോഷ്യോളജി, രസതന്ത്രം, കംപ്യൂട്ടർ സയൻസ്, ഫിസിക്കൽ എഡ്യുക്കേഷൻ, ആന്ത്രപോളജി, ജിയോഗ്രഫി, എക്കണോമിക്‌സ്, ഫിസിക്സ്, ബോട്ടണി, സുവോളജി, എൻവയോൺമെന്റൽ സയൻസ്, ബയോടെക്‌നോളജി, സോഷ്യൽവർക്ക്, ലിംഗ്വിസ്‌റ്റിക്‌സ്, ടൂറിസം, മ്യൂസിക് കോഴ്‌സുകളിലാണ് മണിപ്പുർ വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നത്.