ഒന്നാന്തരമായി പരീക്ഷയെഴുതി പത്താംതരം കടക്കാൻ അച്ഛനും മകനും

കണ്ണൂർ : പാതിവഴിയിൽ പഠനം മുടങ്ങിയ വിഷമം മാറ്റാൻ അച്ഛനും മകനും ഒന്നിച്ചെത്തി. സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ പരീക്ഷയെഴുതി ഒന്നാംതരം വിജയം ഉറപ്പാക്കാൻ. ചാലാട് പള്ളിക്ക് സമീപം താമസിക്കുന്ന പി.പി. ഷറഫുദ്ദീനും മകൻ മുഹമ്മദ് മുഹസിൻ ഷറഫുമാണ് കണ്ണൂർ ടൗൺ മുനിസിപ്പൽ സ്കൂളിൽ പരീക്ഷയെഴുതിയത്.
സൗദിയിൽ ജോലിചെയ്തിരുന്ന ഷറഫുദ്ദീൻ മൂന്നുവർഷം മുൻപാണ് നാട്ടിലെത്തിയത്. ഫർണിച്ചർ ഷോറൂമിലെ ജീവനക്കാരനാണ് 50 വയസ്സുകാരൻ ഷറഫുദ്ദീൻ. മകൻ പത്താംതരം വരെ പഠിച്ചെങ്കിലും പരീക്ഷയെഴുതാനാവാത്ത സഹചര്യമായിരുന്നു.
സമീപവാസിയായ അധ്യാപിക പറഞ്ഞാണ് തുല്യതാ പഠനക്ലാസിനെക്കുറിച്ച് അറിഞ്ഞത്. അങ്ങനെ മകനൊപ്പം പഠനക്ലാസിന് ചേർന്നു. മകനുമായി നല്ല കൂട്ടായിരുന്നതിനാൽ അവനെ സന്തോഷിപ്പിക്കാനായാണ് ആദ്യം ക്ലാസിന് ചേരാൻ തീരുമാനിച്ചത്. പിന്നീട് ഷറഫുദ്ദീനും താത്‌പര്യം തോന്നി.
മകനെപ്പോലെ പാതിവഴിയിൽ നിലച്ച പത്താംതരം പഠനം പൂർത്തിയാക്കാനായി അവനൊപ്പം ചേർന്നു. ഇതുവരെ കഴിഞ്ഞ പരീക്ഷകളെല്ലാം മോശമില്ലാതെ എഴുതാനായെന്നാണ് രണ്ടുപേരും പറയുന്നത്. 11-ന് തുടങ്ങിയ പത്താംതരം തുല്യതാ പരീക്ഷ ബുധനാഴ്ച സമാപിക്കും.
മകനു പുറമെ, മൂന്ന് പെൺകുട്ടികളും ഭാര്യയുമടങ്ങുന്നതാണ് ഷറഫുദ്ദീന്റെ കുടുംബം. കുടുംബവും സാക്ഷരതാമിഷൻ പ്രവർത്തകരും പിന്തുണയുമായി ഇവർക്കൊപ്പമുണ്ട്.