ചരിത്ര മൈതാനം സ്വതന്ത്രമാവുന്നു; വ്യവഹാര വാഹനങ്ങൾ ഡമ്പിങ് യാർഡിലേക്ക് മാറ്റിത്തുടങ്ങി

പയ്യന്നൂർ: വാഹനങ്ങളുടെ ശവപ്പറമ്പായ ചരിത്ര മൈതാനത്തിന് ഒടുവിൽ സ്വാതന്ത്ര്യം. സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ സജീവ സാന്നിധ്യമാവുകയും ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ നടന്ന കെ.പി.സി.സി സമ്മേളനത്തിന് വേദിയാവുകയും ചെയ്ത പയ്യന്നൂർ പൊലീസ് മൈതാനത്തിൽ വാഹനങ്ങൾ കൂട്ടിയിട്ടത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
പയ്യന്നൂർ സബ് ഡിവിഷൻ പരിധിയിൽ കേസുകളിലും മറ്റും ഉൾപ്പെട്ട് പൊലീസ് വകുപ്പും മറ്റ് വിവിധ വകുപ്പുകളും പിടിച്ചെടുത്ത വാഹനങ്ങളാണ് ഇവിടെ കൊണ്ടിട്ടത്. ടി.ഐ. മധുസൂദനൻ എം.എൽ.എ ഇടപെട്ടതോടെയാണ് വ്യവഹാര വാഹനങ്ങൾ സൂക്ഷിക്കുന്നതിന് പുതിയ ഡമ്പിങ് യാർഡ് യാഥാർഥ്യമായത്. യാർഡ് നിർമിക്കുന്നതിനായി കോറോം വില്ലേജിലെ കോറോത്ത് ഒരേക്കർ റവന്യൂ ഭൂമി ആഭ്യന്തര വകുപ്പിന് കൈമാറുകയായിരുന്നു.
സബ് ഡിവിഷൻ പരിധിയിൽ വിവിധ കേസുകളിൽപ്പെട്ട വാഹനങ്ങൾ സൂക്ഷിക്കുന്നതിന് ഉചിതമായ സ്ഥലം ഇല്ലാത്തതിനാൽ പയ്യന്നൂരിലെ പൊലീസ് മൈതാനിയിലാണ് നിലവിൽ ഇവ സൂക്ഷിക്കുന്നത്. ഇതൊഴിവാക്കിയതോടെ പൊലീസ് മൈതാനം ചരിത്ര സ്മാരകമായി നിലനിൽക്കും.
1928ലെ പയ്യന്നൂർ കോൺഗ്രസ് സമ്മേളനത്തിൽ നെഹ്റു വന്ന് സംസാരിച്ചത് ഈ മൈതാനത്തിലായിരുന്നു. ഈ ചരിത്ര പ്രാധാന്യം മനസ്സിലാക്കി പൊലീസ് മൈതാനം നവീകരിച്ച് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്ഷിക സ്മാരകമാക്കി മാറ്റുന്നതിനായി എം.എൽ.എയുടെ ഇടപെടലിന്റെ ഭാഗമായി 2023-24 വർഷത്തെ സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ അനുവദിച്ചിരുന്നു.
ഡമ്പിങ് യാർഡിനായി പുതിയ സ്ഥലം അനുവദിച്ചതോടെ പയ്യന്നൂർ പൊലീസ് മൈതാനം നവീകരിച്ച് ചരിത്ര സ്മാരകമാക്കുന്നതിനുള്ള തടസ്സം നീങ്ങും. വാഹനങ്ങൾ നീക്കുന്ന പൊലീസ് മൈതാനം എം.എൽ.എ തിങ്കളാഴ്ച സന്ദർശിച്ചു.