സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് 22 മുതൽ കണ്ണൂരിൽ
കണ്ണൂർ: സംസ്ഥാന പുരുഷ/വനിത ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് 22, 23, 24 തീയതികളിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 22-ന് രാവിലെ 10-ന് മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പവർലിഫ്റ്റിങ് അസോസിയേഷൻ പ്രസിഡന്റ് അജിത എസ്. നായർ അധ്യക്ഷത വഹിക്കും. അഞ്ചുവർഷത്തിനിടെ ഇത് രണ്ടാംതവണയാണ് ചാമ്പ്യൻഷിപ്പിന് കണ്ണൂർ ആതിഥേയത്വം വഹിക്കുന്നത്.
പുരുഷ/വനിതാ വിഭാഗങ്ങളിലായി സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റർ (നാല് ഡിവിഷനുകൾ) എന്നിങ്ങനെ 400-ഓളം മത്സരാർഥികൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. എല്ലാ വിഭാഗങ്ങളിൽനിന്നും മികച്ച ലിഫ്റ്ററെയും തിരഞ്ഞെടുക്കും. 20-ഓളം ദേശീയ റഫറിമാർ മത്സരം നിയന്ത്രിക്കും. 24-ന് നടക്കുന്ന സമാപന ചടങ്ങിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി സമ്മാനദാനം നിർവഹിക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് മോഹൻ പീറ്റേഴ്സ്, ജോയന്റ് സെക്രട്ടറി ആർ. ഭരത്കുമാർ, സി.കെ. സദാനന്ദൻ, കെ. സജീവൻ, ശ്രീനാഥ് കക്കറക്കൽ എന്നിവർ പങ്കെടുത്തു.
