രോഗികളോടും കൂട്ടിരിപ്പുകാരോടും അപേക്ഷ: ഭക്ഷണാവശിഷ്ടത്തോടെ പൊതികള്‍ തള്ളല്ലേ
കണ്ണൂർ : ജില്ലാ ആസ്പത്രിയിൽ വയർ എരിയുന്ന സാധുക്കൾക്ക് സഹായവുമായി സംഘടനകൾ സൗജന്യ ഭക്ഷണം നൽകുന്നുണ്ട്. എന്നാൽ, പൊതിയിലെ പ്ലാസ്റ്റിക് കവറുകളും മറ്റും രോഗികൾ അലസമായി കൈകാര്യം ചെയ്യുന്നത് പ്രയാസമുണ്ടാക്കുകയാണ്.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷണം കഴിച്ച ശേഷം പ്ലാസ്റ്റിക് കവറുകളും മറ്റും വൃത്തിയാക്കാതെ നിക്ഷേപിക്കുന്നത് സന്നദ്ധ സംഘടനകളെയും ആസ്പത്രി അധികൃതരെയും കുഴക്കുകയാണ്. ഭക്ഷണാവശിഷ്ടത്തോടെയാണ് പലരും കവർ വലിച്ചെറിയുന്നത്.
ജില്ലാ ആസ്പത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചയൂണ് ഡി.വൈ.എഫ്.ഐ.യും രാത്രിഭക്ഷണം സി.എച്ച്. സെന്ററുമാണ് നൽകുന്നത്.
ഉച്ചയ്ക്ക് 500 പേർക്കും രാത്രി 400 പേർക്കും ശരാശരി ഭക്ഷണം നൽകുന്നുണ്ടെന്നാണ് കണക്ക്. ഉച്ചയൂണിന്ന് ഒപ്പം നൽകുന്ന കറി അലുമിനിയം കവറിലാണ് നൽകുന്നത്. രാത്രിഭക്ഷണം അലുമിനിയം കൺടെയ്നറിലുമാണ് നൽകുന്നത്.
ഭക്ഷണം കഴിച്ച ശേഷം കവർ ഭക്ഷണാവശിഷ്ടമില്ലാതെ വൃത്തിയാക്കി ഓരോ വാർഡിലും പ്രത്യേകം തയ്യാറാക്കിയ ബക്കറ്റിൽ ജൈവ, അജൈവ രീതിയിൽ വെവ്വേറെ നിക്ഷേപിക്കണമെന്ന് നിർദേശിച്ചെങ്കിലും പലരും അനുസരിക്കാറില്ല.
അലക്ഷ്യമായി ഇടുന്നതിനെ തുടർന്ന് മാലിന്യപ്രശ്നം ഉടലെടുത്തു. ഇതോടെ പ്ലാസ്റ്റിക് കവറുകളും മറ്റും ശേഖരിച്ച് കൊണ്ടുപോകാൻ ഒരു സംഘത്തെ ചുമതലപ്പെടുത്തി.
ഇവർ കൃത്യമായി മാലിന്യം കൊണ്ടുപോകാത്തതും തിരിച്ചടിയായി. സൗജന്യ ഭക്ഷണം നൽകുന്നവർതന്നെ മാലിന്യവും വൃത്തിയാക്കി നീക്കേണ്ട അവസ്ഥയാണ്.
