തൊഴിലുറപ്പു പദ്ധതിയിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണം തുടങ്ങി

Share our post

കണ്ണൂർ : നടുവിൽ പഞ്ചായത്തിൽ തൊഴിലുറപ്പു പദ്ധതിയിൽ ക്രമക്കേടു നടന്നുവെന്ന പരാതിയിൽ വിജിലൻസ് പ്രാഥമികാന്വേഷണം തുടങ്ങി. നേരത്തെ നടന്ന പ്രാഥമിക പരിശോധനയെ തുടർന്നുള്ള അന്വേഷണമാണിത്. കഴിഞ്ഞ ദിവസം നടുവിൽ പഞ്ചായത്ത് ഓഫിസിലെത്തി രേഖകൾ ശേഖരിച്ച വിജിലൻസ് ഉദ്യോഗസ്ഥർ ഇന്നലെ, പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി.

ഇൻസ്പെക്ടർ വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. 2021–22 വർഷത്തെ തൊഴിലുറപ്പു പദ്ധതിയിൽ, റോഡ് കോൺക്രീറ്റിന്റെ പേരിൽ ക്രമക്കേടും അഴിമതിയും നടന്നതായാണു പരാതി. ചില പഞ്ചായത്ത് അംഗങ്ങളും അടുത്ത ബന്ധുക്കളും ഈ പദ്ധതിയിൽ ജോലി ചെയ്തതായി വ്യാജരേഖയുണ്ടാക്കി പണം കൈപ്പറ്റിയെന്നു പരാതിയിൽ ആരോപിക്കുന്നു.

ഒരംഗം പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പങ്കെടുത്ത അതേ സമയത്തു തന്നെ തൊഴിലുറപ്പു പദ്ധതിയിൽ ജോലി ചെയ്തതായും മറ്റൊരംഗവും ഭാര്യയും ബെംഗളൂരുവിൽ പഠിക്കുന്ന മകനും മസ്റ്റർറോളിൽ ഒപ്പിട്ടു പണം കൈപ്പറ്റിയതായും പരാതിയിൽ പറയുന്നു.

ഓംബുഡ്സ്മാൻ ഇടപെട്ടു ചിലരുടെ പണം തിരിച്ചടപ്പിച്ചിരുന്നു. വനംവകുപ്പിൽ വാച്ചർമാരായും ആശുപത്രിയിൽ നഴ്സായും ജോലിയെടുക്കുന്നവരുടെ പേരുകളിൽ വ്യാജ മസ്റ്റർറോളുണ്ടാക്കി പണം തട്ടിയതായും പരാതിയിലുണ്ട്.

തങ്ങളുടെ അക്കൗണ്ടിലേക്കു വരുന്ന പണം വാങ്ങാനായി മറ്റു ചിലർ സമീപിക്കുമ്പോഴാണു പലരും ബെനാമി ഇടപാടുകൾ അറിയുന്നതു തന്നെ. കോൺഗ്രസ് ആലക്കോട് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ടി.എൻ.ബാലകൃഷ്ണൻ, നടുവിൽ മണ്ഡലം സെക്രട്ടറി ജേക്കബ്, ബിജു ഓരത്തേൽ എന്നിവർ നൽകിയ പരാതിയിൽ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!