അച്ഛനും ഒന്‍പതുവയസ്സുള്ള മകനും വീടിനുള്ളിൽ മരിച്ച നിലയിൽ

പത്തനംതിട്ട: അടൂര്‍ ഏനാത്ത് അച്ഛനെയും ഒന്‍പതുവയസ്സുള്ള മകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഏനാത്ത് കടികയില്‍ താമസിക്കുന്ന കല്ലുംപുറത്ത് പുത്തന്‍പുരയ്ക്കല്‍ മാത്യു ടി.അലക്‌സ്(47) മൂത്തമകന്‍ മെല്‍വിന്‍ മാത്യു എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്. മാത്യുവിന്റെ ഇളയമകന്‍ രാവിലെ എഴുന്നേറ്റതിന് ശേഷമാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടത്. ഇതോടെ ബഹളംവെച്ച് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു.
മാത്യുവും മക്കളും മാത്രമാണ് ഇവിടെ താമസിക്കുന്നത്. അടൂര്‍ വടക്കടത്തുകാവ് നടക്കാവ് സ്വദേശിയായ മാത്യു ഭാര്യയുമായി പിണങ്ങിക്കഴിയുകയാണെന്നാണ് വിവരം. വീടിന്റെ സ്വീകരണമുറിയിലാണ് മാത്യുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മകന്റെ മൃതദേഹം കട്ടിലിലായിരുന്നു. മകനെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്റെ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)