കണ്ണൂർ: കാലാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധിയും ടാപ്പിംഗ് കൂലിയും വളങ്ങളുടെ വില വർദ്ധനവുമടക്കം റബ്ബർ കൃഷി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത നിലയിലെത്തി കർഷകർ.സർക്കാർ പ്രഖ്യാപിച്ച സഹായം മുടങ്ങുകയും ടാപ്പിംഗ് നടത്താൻ ആളെ ലഭിക്കാത്തതും കൂടിയാകുമ്പോൾ കൃഷി ഉപേക്ഷിക്കാനുള്ള ധാരണയിലാണ് ഇവരിൽ വലിയൊരു വിഭാഗം.
റബ്ബർ കർഷകരെ സഹായിക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കിയ റബ്ബർ വില സ്ഥിരതാ പദ്ധതി പ്രകാരം അർഹരായ കർഷകർക്കുള്ള സാമ്പത്തിക സഹായം മുടങ്ങിയിട്ട് ആറുമാസമായി . മാർച്ച് വരെയുള്ള ധനസഹായം മാത്രമാണ് കർഷകർക്ക് ലഭിച്ചത്.ഇൻസെന്റീവായി നൽകാനുള്ള 120 കോടിയിൽ സർക്കാർ 30 കോടി മാത്രമാണ് അനുവദിച്ചത്.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപന വർദ്ധനവും പാലിന്റെ അളവ് കുറക്കുകയും ചെയ്തതോടെ പിടിച്ചുനിൽക്കാൻ സാധിക്കാത്ത സാഹചര്യമാണ് കർഷകർ നേരിടുന്നത്. കഴിഞ്ഞ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പാൽ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞിരുന്നു.മറ്റ് കൃഷികളെ അപേക്ഷിച്ച് റബ്ബർ കൃഷിക്ക് മുടക്കുമുതലും അദ്ധ്വാനവും വളരെ കൂടുതലാണ്.ഒരു ഹെക്ടറിൽ 450 ഓളം മരങ്ങൾ കൃഷിചെയ്യാം.
ടാപ്പ് ചെയ്യാൻ ഏഴുവർഷം വളർച്ച വേണം. കുഴികുത്തി നല്ലയിനം തൈ നട്ടുപിടിപ്പിച്ച് കാട് തെളിച്ച് വളമിട്ട് പരിപാലിച്ച് ആദായം എടുക്കുമ്പോൾ മുടക്കുമുതലുമായി ഒത്തുനോക്കിയാൽ നഷ്ടക്കണക്കാണ് മുന്നിൽ. ഒരുവർഷത്തെ പരിപാലനത്തിന് മാത്രം 1.5 ലക്ഷത്തിലേറെയാണ് ചിലവ്. വരവുമായി തട്ടിക്കുമ്പോഴാണ് കൃഷി ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരാകുന്നത്.
ഇടയ്ക്ക് വില വർദ്ധിച്ചതോടെ ടാപ്പിംഗ് കൂലിയും വർദ്ധിപ്പിക്കേണ്ടിവന്നു. എന്നാൽ വില കുറഞ്ഞെങ്കിലും കൂലി കുറഞ്ഞില്ല.കൂലി വർദ്ധനവ് മൂലം ഷീറ്റാക്കി ഉണക്കി കൊടുക്കുന്നത് പല കർഷകരും നിർത്തി. ചിരട്ടപ്പാലും ഒട്ടുപാലുമായാണ് വിൽപ്പന. ചിരട്ടപ്പാലിന് 70 രൂപയാണ് കിലോയ്ക്ക് വില. ഉണങ്ങിയ വൃത്തിയുള്ള ഒട്ടുപാലിന് 80 രൂപവരെ കിട്ടും.
മഴക്കാലമായതിനാൽ ഒട്ടുപാലും ചിരട്ടപ്പാലും ഉണങ്ങിയെടുക്കാനും പ്രയാസമാണ്.കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർറബ്ബർ വ്യാപകമായി കൃഷി ചെയ്യുന്ന മലയോര കർഷകർ പോലും റബ്ബർകൃഷിയിൽ നിന്നും പിന്നോട്ടു വലിയുകയാണ്.
ചിലവും കഠിനാധ്വാനവും കഴിഞ്ഞ് കയ്യിൽ വരുന്നത് നഷ്ടകണക്ക് മാത്രമാണെന്ന് കർഷകർ പറഞ്ഞു.റബ്ബറിന് പുറമേ ഏലം, കാപ്പി, കുരുമുളക് തുടങ്ങിയവയെല്ലാം വലിയ വിലയിടിവാണ് നേരിടുന്നത്.ഇതിന് പുറമെ വന്യ ജീവി ശല്ല്യവും സഹിക്കേണ്ടി വരുന്നു.റബ്ബർ വില വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.