എല്‍.ഐ.സി ഏജന്റുമാര്‍ക്കും ജീവനക്കാര്‍ക്കും ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

Share our post

രാജ്യത്തെ എല്‍.ഐ.സി ഏജന്റുമാര്‍ക്കും ജീവനക്കാര്‍ക്കുമായി നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഇത് സംബന്ധിച്ച പ്രസ്താവന തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഏജന്റുമാരുടെ തൊഴില്‍ സാഹചര്യം കൂടുതല്‍ മെച്ചപ്പെടുത്താനും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന അധിക ആനുകൂല്യങ്ങള്‍.

ഏജന്റുമാരുടെ ഗ്രാറ്റുവിറ്റി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇതിന് പുറമെ ഏജന്റുമാരുടെ ടേം ഇന്‍ഷുറന്‍സ് കവറേജ് 25,000 രൂപ മുതല്‍ 1,50,000 രൂപ വരെയാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

നിലവില്‍ ഇത് 3000 രൂപ മുതല്‍ പതിനായിരം രൂപ വരെയാണ്. മരണപ്പെട്ട ഏജന്റുമാരുടെ കുടുംബാംഗങ്ങള്‍ക്ക് ഈ ടേം ഇന്‍ഷുറന്‍സ് വര്‍ദ്ധനവ് കൊണ്ട് കാര്യമായ നേട്ടമുണ്ടാകും. ഇതിന് പുറമെ എല്‍.ഐ.സി ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് 30 ശതമാനം എന്ന ഏകീകൃത നിരക്കില്‍ ഫാമിലി പെന്‍ഷന്‍ ഏര്‍പ്പെടുത്താനും തീരുമാനമായി.

13 ലക്ഷത്തിലധികം ഏജന്റുമാരും ഒരു ലക്ഷത്തിലധികം റെഗുലര്‍ ജീവനക്കാരുമാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഭാഗമായി ജോലി ചെയ്യുന്നത്. എല്‍.ഐ.സിയുടെ വളര്‍ച്ചയിലും രാജ്യത്ത് ഇന്‍ഷുറന്‍സ് സേവനം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിലും മുഖ്യപങ്കുവഹിച്ചവരാണ് ഈ ജീവനക്കാരും ഏജന്റുമാരുമെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറ‍യുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!