ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചില്ല; പി.എം കിസാൻ സമ്മാൻ മുടങ്ങി 14,403 പേർ

Share our post

കണ്ണൂർ : ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്ത ജില്ലയിലെ 14403 കർഷകർക്കു പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ നിന്നുള്ള ധന സഹായം മുടങ്ങി. രണ്ടു ഹെക്ടർ വരെ കൃഷിയോഗ്യമായ ഭൂമിയുള്ള അർഹരായ ചെറുകിട കർഷകർക്ക് അക്കൗണ്ടിലേക്ക് ഓരോ വർഷവും 6000 രൂപ നൽകുന്നതാണ് പദ്ധതി.

2,000 രൂപ വീതം 3 ഗഡുക്കളായി സർക്കാർ നേരിട്ടു കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു നിക്ഷേപിക്കുകയാണു ചെയ്യുന്നത്. പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങൾ അപ്‌ലോഡ് ചെയ്യണമെന്നും ഇ–കെവൈസി നിർബന്ധമാണെന്നും പലതവണ അറിയിപ്പു നൽകിയിരുന്നെങ്കിലും കർഷകർ ഇതു പൂർത്തിയാക്കാത്തതാണു ധനസഹായം മുടങ്ങാൻ ഇടയാക്കിയത്. 2018 ഡിസംബർ ഒന്നു മുതലാണ് രാജ്യത്ത് പിഎം കിസാൻ സമ്മാൻ പദ്ധതി നടപ്പാക്കിയത്. ജില്ലയിലെ മൂന്നര ലക്ഷത്തോളം കർഷകർക്കായി 700 കോടിയിലേറെ രൂപ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.

പോസ്റ്റ് ഓഫിസുകൾ വഴി ആനുകൂല്യം സ്വന്തമാക്കാം

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ ആനുകൂല്യം ലഭിക്കാത്തവർക്കു തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് വഴി ആധാർ വിവരങ്ങൾ നൽകി അക്കൗണ്ട് തുടങ്ങാൻ അവസരമുണ്ട്. 30നു മുൻപ് പോസ്റ്റ് ഓഫിസുകൾ വഴി ആധാർ സീഡ് ചെയ്താൽ ഒക്ടോബറിൽ വിതരണം ചെയ്യുന്ന അടുത്ത ഗഡുവും മുടങ്ങിയ ഗഡുക്കളും കർഷകർക്കു ലഭിക്കും.

ആധാർ നമ്പർ, ഒ.ടി.പി ലഭിക്കാൻ മൊബൈൽ ഫോൺ, അക്കൗണ്ട് തുറക്കാൻ 200 രൂപ എന്നിവയുമായി പോസ്റ്റ് ഓഫിസിനെ സമീപിക്കാം. അക്ഷയകേന്ദ്രം വഴിയോ എയിംസ് പോർട്ടൽ (www.aims.kerala.gov.in) മുഖേന സെൽഫ് മോഡിലോ ആധാർ ഉപയോഗിച്ച് ഇ-കെവൈസി റജിസ്‌ട്രേഷൻ നടത്തണം. കൃഷിഭവനിൽ ഭൂരേഖ സമർപ്പിക്കലും പരിശോധനയും നടത്തണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!