സംഘം പയ്യന്നൂരിന്റെ ‘തീമാടൻ’ അരങ്ങിലേക്ക്
പയ്യന്നൂർ : മുഖംതന്നെ മുഖംമൂടിയാകുന്ന സത്യാനന്തര കാലത്ത് ജീവിതത്തെ മരണംകൊണ്ട് വിചാരണ ചെയ്യാൻ സംഘം പയ്യന്നൂരിന്റെ ‘തീമാടൻ’ അരങ്ങിലെത്തുന്നു. നിരവധി അമച്വർ നാടകങ്ങൾ അരങ്ങിലെത്തിച്ച സംഘം പയ്യന്നൂരിന്റെ പുതിയ നാടകമാണ് തീമാടൻ.
പോസ്‌റ്റ്മോർട്ടം ടേബിളിലെത്തിയ ചത്തോൻ താൻ നടന്നുപോയ ജീവിത വഴികളിലെ ഓർമക്കുടുക്ക എറിഞ്ഞുടക്കുമ്പോൾ കൂടെ ഉണ്ടായിരുന്നവരും അകന്നുനിന്നവരും തനിക്ക് ചുറ്റും കെട്ടിപ്പൊക്കിയ വിചിത്ര കൽപ്പനകളാൽ സ്‌തബ്ധനാകുന്നു. മരണത്തെ കേന്ദ്രീകരിച്ചാണ് നാടകം വികസിക്കുന്നതെങ്കിലും അത് ഒരു പ്രതീകാത്മക സൂചകം മാത്രം.
രാജ്മോഹൻ നീലേശ്വരം രചന നിർവഹിച്ച നാടകത്തിന്റെ സംവിധാനം വി. ശശിയാണ്. ശബ്‌ദ – വെളിച്ച നിയന്ത്രണം സുധീർ ബാബൂട്ടനും രംഗപടം ഭാസി വർണലയവും നിർവഹിച്ചിരിക്കുന്നു. മിനി രാധൻ, പ്രിയ ശ്രീജിത്ത്, കെ.പി. കൃഷ്‌ണൻ, പി. അരവിന്ദാക്ഷൻ, ഇ. പ്രകാശൻ, എൻ.കെ. അനീഷ്, കെ. ബാബു കിഷോർ, ഗോവിന്ദരാജ് വെള്ളിക്കോത്ത്, കെ.പി. ശശികുമാർ, മോഹനൻ മടിക്കൈ എന്നിവർ വേഷമിടുന്നു. കേരള സംഗീത നാടക അക്കാദമി മലപ്പുറം കോട്ടക്കലിൽ സംഘടിപ്പിക്കുന്ന അമച്വർ നാടകോത്സവത്തിൽ 22ന് വൈകിട്ട് ആദ്യാവതരണം നടക്കും. കരിവെള്ളൂർ ഇ.എം.എസ് പഠന കേന്ദ്രത്തിന്റെ സഹകരണത്തോടെ കേരള സംഗീത നാടക അക്കാദമി കരിവെള്ളൂർ രക്തസാക്ഷി നഗറിൽ സംഘടിപ്പിക്കുന്ന അമച്വർ നാടകോത്സവത്തിൽ ഒക്ടോബർ ഒന്നിന് വൈകിട്ട് ആറിന് നാടകം അവതരിപ്പിക്കും.
