കണ്ണൂരിൽ പൂർത്തിയായത് ഒമ്പത് വില്ലേജുകളിൽ മാത്രം സ്മാർട്ടാകാതെ ഡിജിറ്റൽ സർവേ
കണ്ണൂർ: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ഡിജിറ്റൽ സർവേയിൽ മെല്ലെപ്പോക്ക്. സർവേ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒരു വർഷത്തിലേക്കടുക്കുമ്പോൾ ജില്ലയിൽ ഒന്നാംഘട്ടത്തിൽ തിരഞ്ഞെടുത്ത 14 വില്ലേജുകളിൽ ഒമ്പത് വില്ലേജുകളുടെ പ്രവർത്തനങ്ങൾ മാത്രമാണ് പൂർത്തിയായത്.
മാതൃകാ വില്ലേജായി തിരഞ്ഞെടുത്ത അഴീക്കോട് സൗത്തിൽ സർവേ അതിരടയാള നിയമ പ്രകാരമുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് തുടർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജില്ലയിൽ ഇതുവരെ 12657.18 ഹെക്ടറിലാണ് ആധുനിക സർവേ ഉപകരണങ്ങൾ ഉപയോഗിച്ച് ഡിജിറ്റൽ സർവേ പൂർത്തിയാക്കിയത്.
കണ്ണൂർ സർവേ ഡെപ്യൂട്ടി ഡയറക്ടർ ഡി. മോഹൻദേവ്, സർവേ അസിസ്റ്റൻഡ് ഡയറക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ് എന്നിവരുടെ നേതൃത്വത്തിലാണ് സർവേ പ്രവർത്തനം നടന്നുവരുന്നത്. ബന്ധപ്പെട്ട വില്ലേജുകളിലെ കൈവശക്കാർക്ക് അതത് വില്ലേജുകളിലെ ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസുകളിൽ ഹാജരായി റെക്കാർഡുകൾ പരിശോധിച്ച്, അപാകതകൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകി ന്യൂനത പരിഹരിക്കാൻ സാധിക്കും. സർവേ നടപടികൾ പൂർത്തിയാവുന്നതോടെ ഭൂമി സംബന്ധമായ വിവരങ്ങൾക്ക് സുതാര്യതയും കൃത്യതയും ഉറപ്പ് വരുത്താനാവും.
ജില്ലയിൽ
5 താലൂക്കുകൾ 132 വില്ലേജുകൾ
4 വർഷം, 1550 വില്ലേജുകൾ
ആർ.ടി.കെ സാങ്കേതികവിദ്യ ഉപയോഗിച്ച് സർവേ പൂർത്തിയാക്കിയ 116 വില്ലേജ് ഒഴിച്ചുള്ള 1550 വില്ലേജുകളിൽ നാലു വർഷം കൊണ്ട് പൂർത്തിയാക്കാനുദ്ദേശിച്ച് കഴിഞ്ഞ വർഷം കേരളപ്പിറവി ദിനത്തിലാണ് സംസ്ഥാനത്ത് ഡിജിറ്റൽ സർവേ ആരംഭിച്ചത്. പദ്ധതിയുടെ ആദ്യത്തെ മൂന്ന് വർഷത്തിൽ ഓരോ വർഷവും 400 വില്ലേജുകൾ വീതവും അവസാന വർഷം 350 വില്ലേജുകളിലും സർവേ നടത്തി പദ്ധതി പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം.
സംസ്ഥാനത്ത് ആദ്യ വർഷം പൂർത്തിയാക്കേണ്ട 400 വില്ലേജുകളിൽ ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത 200 എണ്ണത്തിൽ ഉൾപ്പെട്ട 14 വില്ലേജുകളുടെ നടപടികളാണ് ജില്ലയിൽ പൂർത്തിയാകാത്തത്. 1550 വില്ലേജുകളുടെ സർവേ പൂർത്തിയാക്കാൻ 858.42 കോടിയാണ് സംസ്ഥാന സർക്കാർ മാറ്റിവെച്ചിരിക്കുന്നത്.
സർവേ പൂർത്തിയായ വില്ലേജുകൾ
അഴീക്കോട് സൗത്ത്, വളപട്ടണം, കണിച്ചാർ, തലശേരി, കോട്ടയം, പുഴാതി, പള്ളിക്കുന്ന്, കണ്ണൂർ- 2, കരിക്കോട്ടക്കരി
ആദ്യഘട്ടത്തിൽ ശേഷിക്കുന്നത്
വിളമന, ആറളം, ചാവശേരി, എളയാവൂർ, കണ്ണൂർ-1
രണ്ടാം ഘട്ടത്തിൽ
എടക്കാട്, അഴീക്കോട് നോർത്ത്, ചിറക്കൽ, പാപ്പിനിശ്ശേരി, കല്ല്യാശേരി, വലിയന്നൂർ, ധർമ്മടം, കീഴല്ലൂർ, എരഞ്ഞോളി, കേളകം, കീഴൂർ, ചുഴലി, തളിപ്പറമ്പ്, പെരളം എന്നീ വില്ലേജുകൾ
