ബോട്ട് ജെട്ടി തയ്യാർ: പണിതീരാത്ത റോഡാണ് പ്രശ്നം
മാട്ടൂൽ : മാട്ടൂൽ ബോട്ടുജെട്ടിയുടെ നിർമാണം പൂർത്തിയായെങ്കിലും ജെട്ടിയിൽനിന്ന് പ്രധാന റോഡിലേക്കുള്ള അനുബന്ധവഴി പൂർത്തിയാകാത്തതിനാൽ യാത്രക്കാരുടെ സഞ്ചാരം ദുരിതമാകുന്നു. മാട്ടൂൽ-അഴീക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബോട്ട് യാത്ര സുഗമമാക്കാനായാണ് ബോട്ട് ജെട്ടി പണിതത്. ജെട്ടി പൂർത്തിയായെങ്കിലും റോഡ് പണി വൈകുന്നതെന്താണെന്നാണ് ജനം ചോദിക്കുന്നത്.
പുതിയ ബോട്ട് ജെട്ടി പണിയുന്ന സമയത്തുതന്നെ ഇവിടെ ബോട്ട് അടുപ്പിച്ചുതുടങ്ങിയിരുന്നു. മാട്ടൂൽ-അഴീക്കലിലെ താത്കാലിക ജെട്ടി യാത്രക്കാർക്കും ജീവനക്കാർക്കും ഭീഷണിയായി മാറിയതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ അനുബന്ധ റോഡാണ് പണിതിട്ടും പണിതീരാത്തത്.
ബോട്ട് അടുപ്പിക്കുന്നതിനായി പുതിയ ബോട്ടുജെട്ടിയോട് ചേർന്ന് സ്ഥാപിച്ച പല തെങ്ങിൻകുറ്റികളും നശിച്ചു. ഇത് ബോട്ടടുപ്പിക്കുന്ന വേളയിൽ ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ബോട്ടുജെട്ടിയിലേക്ക് അളുകൾ പ്രധാന റോഡിൽനിന്ന് വരേണ്ട സ്ഥലമാണ് വലിയ ദുരിതമായി മാറിയിട്ടുള്ളത്.
പ്രധാന റോഡിൽ നിന്ന് ബോട്ടുജെട്ടി വരെയുള്ള ഭാഗം പാർശ്വഭിത്തി കെട്ടുകയും നിലത്ത് കരിങ്കൽച്ചീളുകൾ പാകുകയും ചെയ്തിട്ടുണ്ട്. എന്നാൽ മറ്റു പ്രവൃത്തികൾ പൂർത്തിയാക്കാത്തതാണ് യാത്രക്കാർക്ക് ദുരിതമായത്. പ്രായമായവർക്കും കുട്ടികളുമുൾപ്പെടെയുള്ളവർ നടക്കുമ്പോൾ തെന്നിവീഴുന്നു. സ്ത്രീകൾക്കും ബുദ്ധിമുട്ടാകുനുണ്ട്.
ടൂറിസം മേഖയിൽ തന്നെ കുതിച്ചുചാട്ടത്തിന് സാധ്യതയുള്ള മേഖലയിലെ ബോട്ടുജെട്ടിയിലേക്കുള്ള വഴിയാണ് യാതൊരു കാഴ്ചപ്പാടുമില്ലാതെ പണി തതെന്ന ആരോപണവുമുണ്ട്. ഉൾനാടൻ ജലഗതാഗത വകുപ്പ് കേന്ദ്രഫണ്ടായ 95 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനികരീതിയിൽ ബോട്ടുജെട്ടിയുടെ നിർമാണം തുടങ്ങിയത്.
കരയിൽനിന്ന് 10 മീറ്റർ തള്ളിയും 15 മീറ്റർ നീളത്തിലുമുള്ള ബോട്ടുജെട്ടി മൂന്ന് പ്ലാറ്റ്ഫോം രീതിയിൽ വേലിയേറ്റ-വേലിയിറക്ക സമയത്തെ ജലവിതാനത്തിനനുസൃതമായ രീതിയിലാണ് പണിതത്.
മാട്ടൂൽ-അഴീക്കൽ ബോട്ട് സർവീസിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ചെറിയ തുകയിൽ എളുപ്പത്തിൽ യാത്രയൊരുക്കിയതോടെ നാട്ടുകാർക്ക് വലിയ ഉപകാരമായി.
മാട്ടൂലിൽനിന്ന് അഴീക്കലിലേക്ക് ബോട്ടുവഴി അഞ്ച് മിനിറ്റുകൊണ്ട് എത്തും. റോഡുവഴിയാണെങ്കിൽ മുക്കാൽമണിക്കൂറോളമെടുക്കും. ബോട്ടുജെട്ടിയിൽ യാത്രക്കാർക്ക് ഇരിക്കാൻ ഇരിപ്പിടം തയ്യാറാക്കിയിട്ടുണ്ട്. ജെട്ടിയിൽനിന്ന് പ്രധാന റോഡിലേക്കുള്ള പണി എത്രയും പെട്ടെന്ന് തീർത്ത് യാത്ര സുഗമമാക്കണമെന്നാണ് ആവശ്യം.
