എപ്പോഴും ക്ഷീണവും തളര്‍ച്ചയുമാണോ; ഡയറ്റില്‍ വേണം ഈ ഭക്ഷണങ്ങള്‍

Share our post

നമ്മളില്‍ പലര്‍ക്കും എപ്പോഴും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാറില്ലേ? ഒന്നും ചെയ്യാന്‍ കഴിയാത്തവിധം ഉന്മേഷക്കുറവും തലക്കറക്കവുമെല്ലാം ചിലര്‍ക്ക് പതിവായി വരാറുണ്ട്. വിളര്‍ച്ച ഉള്ളവരിലാണ് സാധാരണയായി ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുന്നത്.

അനീമിയയുടേയും രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതുമെല്ലാം ഇതിന്റെ കാരണങ്ങളാണ്. ഇവ തടയുന്നതിന് ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്.രക്തത്തിലെ ഓക്‌സിജന്റെ അളവ് കൂട്ടാനും ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാനും ഈ ഭക്ഷണങ്ങള്‍ സഹായിക്കും.ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

പലയാളുകള്‍ക്കും ഇലക്കറികള്‍ കഴിയ്ക്കാന്‍ മടിയായിരിക്കും. എന്നാല്‍ ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിന്‍ കെ, ബി എന്നിവയുടെ നല്ല ഉറവിടമാണ് ഇലക്കറികള്‍. അതിനാല്‍ ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ ഗുണം ചെയ്യും. ചീരയില്‍ ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കുന്ന വിറ്റാമിന്‍ സിയും ധാരാളമായുണ്ട്. അതിനാല്‍ ഡയറ്റില്‍ ഇലക്കറികള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.

ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്ക കഴിക്കുന്നതും ഗുണം ചെയ്യും. പൊട്ടാസ്യം, വിറ്റാമിന്‍ സി, മഗ്‌നീഷ്യം, ഫോളേറ്റ്, സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകള്‍, കാത്സ്യം എന്നിവയുടെ കലവറ കൂടിയാണ് ഈ പച്ചക്കറി.

ഹീമോഗ്ലോബിന്റെ അളവ് കൂടാനും വിളര്‍ച്ചയെ തടയാനും സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്. ഇവയില്‍ ഇരുമ്പ്, കോപ്പര്‍, ഫോസ്ഫറസ്, മഗ്‌നീഷ്യം, വിറ്റാമിനുകള്‍ ബി 1, ബി 2, ബി 6, ബി 12, സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഈന്തപ്പഴം, ഉണക്കമുന്തിരി തുടങ്ങിയ ഡ്രൈ ഫ്രൂട്ട്‌സ് തളര്‍ച്ചയും ക്ഷീണവും മാറാന്‍ കഴിയ്ക്കാവുന്നതാണ്.ഇരുമ്പ്, കാത്സ്യം, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയ ഇവ കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കും.

മാതളം കഴിക്കുന്നത് വളരേയെറെ ഗുണമുളള കാര്യമാണ്. കാത്സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിച്ച് വിളര്‍ച്ച വരുന്നത് തടയുന്നു.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!