ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റില്‍ 18 മുതല്‍ രണ്ടാം ഷിഫ്റ്റ്

Share our post

ഇരിട്ടി: ഇരിട്ടി നഗരസഭയുടെ സഹായത്താല്‍ ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന ഡയാലിസിസ് യൂണിറ്റ് നാലു വര്‍ഷം കൊണ്ട് നിര്‍ധനരായ രോഗികള്‍ക്ക് 11,867 ഡയാലിസിസ് സൗജന്യമായി നല്‍കി.

മൂന്ന് ഷിഫ്റ്റ് ഡയാലിസിസ് നടത്തുവാൻ കഴിയുന്ന 10 ഡയാലിസ് മെഷീനുകളില്‍ ഒരു ഷിഫ്റ്റ് മാത്രം പ്രവര്‍ത്തിപ്പിച്ചാണ് ഇത്രയും രോഗികള്‍ക്ക് ഡയാലിസീസ് നടത്തിയത്. രണ്ടാം ഷിഫ്റ്റിന്‍റെ പ്രവര്‍ത്തനം 18 മുതല്‍ ആരംഭിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. ശ്രീലത പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ഒന്പത് മെഷീനുകളാണ് ഒരേ സമയം ഡയാലിസിസ് നടത്തുക. ഇതോടെ രണ്ട് ഷിഫ്റ്റുകളിലായി 36 പേര്‍ക്ക് ഡയാലിസീസ് നടത്താനാകുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ പറഞ്ഞു. ഒരു കോടിയോളം രൂപയാണ് പ്രതി വര്‍ഷം രണ്ട് ഷിഫ്റ്റിനായി ചെലവ് പ്രതീക്ഷിക്കുന്നത്.

കനിവ് കിഡ്‌നി പേഷ്യന്‍റെ വെല്‍ഫയര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഡയാലിസീസ് യുണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നത്. യൂണിറ്റിലേക്കുള്ള മരുന്നുകള്‍ നഗരസഭ പ്ലാൻ ഫണ്ടില്‍ നിന്നും സൗജന്യമായി ലഭിക്കും. എങ്കിലും ജീവനക്കാരുടെ ശന്പളവും മറ്റ് ചെലവുകളും കണ്ടെത്തുന്നത് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സുമനസുകളില്‍ നിന്നും ഫണ്ട് സമാഹരിച്ചാണ് രണ്ടാമത്തെ ഷിഫ്റ്റ് പ്രവര്‍ത്തനം തുടങ്ങുന്നത് .

ഒരു മാസം ഒരു ഷിഫ്റ്റ് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ നാല് ലക്ഷത്തോളം രൂപ ചെലവ് വരും. ഇരിട്ടി നഗരസഭ, പായം, ഉളിക്കല്‍, പടിയൂര്‍, ആറളം, അയ്യൻകുന്ന്, മുഴക്കുന്ന് എന്നീ പഞ്ചായത്തുകളില്‍ നിന്നായി 241 പേരാണ് ഡയാലിസിസിനായി അപേക്ഷ നല്‍കിയിരിക്കുന്നത്. ഇരിട്ടി നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ. ശ്രീലത പ്രസിഡന്‍റും, അയ്യൂബ്ബ് പൊയിലൻ സെക്രട്ടറിയും, അജയൻ പായം ഖജാൻജിയുമായ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പണം കണ്ടെത്താനുള്ള ശ്രമം തുടരുന്നത്.

പത്രസമ്മേളനത്തില്‍ നഗരസഭാ വൈസ് ചെയര്‍മാൻ പി.പി. ഉസ്മാൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സോയ വാര്‍ഡ് അംഗങ്ങളയ വി. ശശി, കെ. നന്ദനൻ, വെല്‍ഫയര്‍ സൊസൈറ്റി സെക്രട്ടറി അയ്യൂബ് പൊയിലൻ , ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷ്, ഹെഡ് നഴ്‌സ് എ.കെ. ഹിമ എന്നിവരും പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!