കോഴിക്കോട്: അന്താരാഷ്ട്ര വിപണിയില്‍ 100 കോടി രൂപ വിലവരുന്ന 80 കിലോഗ്രാം എം.ഡി.എം.എ. അന്തമാന്‍ നിക്കോബാര്‍ പോലീസിന്റെയും ജില്ലാ ഭണകൂടത്തിന്റെയും സഹായത്തോടെ കേരളത്തില്‍ നിന്ന് പോയ എക്‌സൈസ് – കസ്റ്റംസ് വിഭാഗവും കൊല്‍ക്കത്തയില്‍ നിന്നുളള കസ്റ്റംസ് ഉദ്യോഗസ്ഥരും കണ്ടെടുത്തു.
2004 ലെ സുനാമിയില്‍ ഭാഗികമായി തകര്‍ന്ന കാര്‍നിക്കോബാര്‍ ദ്വീപിലെ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് ‘മലാക്ക’ കെട്ടിടത്തിന്റെ പിന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇവ കിടന്നിരുന്നത്.
ഇതിനുപുറമെ ഗ്രാമത്തലവന്മാരുടെ സഹായത്തോടെ അന്താരാഷ്ട്ര വിപണിയില്‍ രണ്ടരക്കോടി രൂപ വിലവരുന്ന 2.304 കിലോഗ്രാം എം.ഡി.എം.എ. ഗോത്രവര്‍ഗ്ഗക്കാര്‍ സ്വമേധയാ അന്തമാന്‍ കാര്‍നിക്കോബാര്‍ പോലീസിന് കൈമാറുകയും ചെയ്തു. ജനങ്ങള്‍ക്കിടയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ബോധവത്കരണത്തിന്റെ ഫലമായിരുന്നു ഇത്.
അബദ്ധത്തില്‍ രാസലഹരി കഴിച്ച് മരണം
റിഫൈന്‍ഡ് ചൈനീസ് ടീ എന്ന ലേബലിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഇത് കണ്ട് ചായപ്പൊടിയാണെന്ന് തെറ്റിദ്ധരിച്ച് ചൂടുവെള്ളത്തില്‍ കലക്കി കുടിച്ച രണ്ട് സ്ത്രീകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടെ മരിച്ചിരുന്നു. പ്രദേശത്തെ യുവാക്കള്‍ക്കിടയില്‍ രാസലഹരി ഉപയോഗം ഏറിയത് സാമൂഹിക ജീവിതത്തെ ബാധിച്ചു.
അന്തമാനിലെ അറോങ് വില്ലേജിലെ കമ്യൂണിറ്റി ഹാളിൽ മലയാളി ഉദ്യോഗസ്ഥർ നടത്തിയ ബോധവത്കരണം
ചുക്ചുച്ച വില്ലേജില്‍ രാസലഹരിക്ക് അടിമകളായ യുവാക്കള്‍ അക്രമാസക്തരാവുന്നുമുണ്ട്. അന്തമാന്‍ ഭരണകൂടത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് പോയ എക്‌സസൈസിന്റെയും കസ്റ്റംസിന്റെയും ഉദ്യോഗസ്ഥര്‍ ദ്വീപില്‍ ബോധവത്കരണ പ്രവര്‍ത്തനം നടത്തിയപ്പോഴാണ് ഇത് തിരിച്ചറിഞ്ഞത്. അന്തമാന്‍ ഭരണകൂടത്തിന്റെ സഹകരണത്തോടെയായിരുന്നു ബോധവത്കരണം.
ഓഗസ്റ്റ് 17-ന് ആണ് അന്വേഷണസംഘം ദ്വീപില്‍ എത്തിയത്. അന്വേഷണത്തോടൊപ്പം 15 ഗ്രാമങ്ങളിലെ ഗ്രാമത്തലവന്മാരായ ‘ക്യാപ്റ്റന്‍’മാരുടെ ബോധവത്കരണവും നടത്തി. ഗ്രാമങ്ങളിലെ വീടുകളില്‍ ക്യാപ്റ്റന്മാര്‍ നേരിട്ട് സന്ദര്‍ശനം നടത്തി മയക്കുമരുന്ന് വില്‍പ്പനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കും. ലഹരിക്ക് അടിമപ്പെട്ടവര്‍ക്കായി പുനരധിവാസ പ്രവര്‍ത്തനങ്ങളും നടത്തും. യുവാക്കള്‍ക്കിടയില്‍ കലാ-കായിക-സാംസ്‌കാരിക പരിപാടികള്‍ നടത്തി അവരെ തനത് ജീവിതത്തിലേക്ക് മാറ്റിക്കൊണ്ടുവരാനും ശ്രമം തുടങ്ങി.
തുടരന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തു
അന്തമാനില്‍ മയക്കുമരുന്ന് കരയ്ക്കടിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര ഏജന്‍സികളായ കസ്റ്റംസും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി)യും പ്രതിരോധവകുപ്പും ചേര്‍ന്ന് തുടരന്വേഷണം നടത്താനാണ് തീരുമാനം. അന്തമാന്‍ പോലീസും ഇതില്‍ സഹകരിക്കുന്നുണ്ട്. അന്തമാന്‍ ദ്വീപില്‍ ലഹരി വ്യാപകമായ സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര ആഭ്യന്തരവകുപ്പിനും പ്രധാനമന്ത്രിയുടെ ഓഫീസിനും റിപ്പോര്‍ട്ട് നല്‍കി.
അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം ഉള്‍പ്പെട്ട കേസായതിനാലും അന്തമാനിലായതിനാലും കേരളത്തിലെ എക്‌സൈസ് സംഘത്തിനോ കസ്റ്റംസ് സംഘത്തിനോ നിയമപരമായും സാങ്കേതികമായും തുടരന്വേഷണം അസാധ്യമായതിനാലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഏറ്റെടുക്കുന്നത്.