കേരളത്തിലെ 2023-ലെ ബിരുദതല പ്രൊഫഷണൽ കോഴ്‌സ് പ്രവേശനത്തിന്റെ ഭാഗമായി വിവിധ പ്രോഗ്രാമുകളിലെ വിവിധ ഘട്ട അലോട്‌മെന്റുകളുടെ ഫലം കേരള പ്രവേശനപരീക്ഷാ കമ്മിഷണർ പ്രഖാപിച്ചു.
മെഡിക്കൽ വിഭാഗത്തിൽ എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്‌മെന്റ്, ബി.എ.എം.എസ.്, ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്. എന്നിവയിലെക്കുള്ള ഒന്നാം അലോട്‌മെന്റ്, മെഡിക്കൽ അനുബന്ധ കോഴ്‌സുകളായ ബി.എസ്‌സി. അഗ്രിക്കൾച്ചർ, ബി.വി.എസ്‌സി. ആൻഡ് എ.എച്ച്., ബി.എസ്‌സി. ഫോറസ്ട്രി, ബാച്ച്‌ലർ ഓഫ് ഫിഷറീസ് സയൻസ്, ബി.എസ് സി. കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ബി.എസ്‌സി. ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്‌നോളജി (കാർഷിക സർവകലാശാലയിലേത്) എന്നിവയിലെയും ബി.ഫാം. പ്രോഗ്രാമിലെയും ആദ്യ അലോട്‌മെന്റ് എന്നിവയാണ് www.cee.kerala.gov.in ൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ഗവൺമെന്റ്, ഗവൺമെന്റ് എയ്ഡഡ് കോളേജുകൾ, കാർഷിക, വെറ്ററിനറി, ഫിഷറീസ് സർവകലാശാലകളുടെ കോളേജുകൾ, സ്വകാര്യ സ്വാശ്രയ കോളേജുകൾ എന്നിവയിലേക്കുള്ള സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കാണ് അലോട്‌മെന്റ് നൽകിയിട്ടുള്ളത്. സ്വകാര്യ സ്വാശ്രയ ആയുർവേദ, സിദ്ധ, യുനാനി കോളേജുകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്കും ഈ ഘട്ടത്തിൽ അലോട്‌മെന്റ് നടത്തിയിട്ടുണ്ട്.
അലോട്‌മെന്റ്/റീ അലോട്‌മെന്റ് ലഭിച്ചവർ, വെബ്‌സൈറ്റിൽ അവരുടെ ഹോം പേജിലേക്ക് ലോഗിൻ ചെയ്ത് അലോട്‌മെന്റ്/റീ അലോട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്തെടുക്കണം. അലോട്‌മെന്റിന്റെ വിശദാംശങ്ങൾ (പേര്, റോൾ നമ്പർ, അലോട്ടു ചെയ്യപ്പെട്ട കോഴ്‌സ്, കോളേജ്, കാറ്റഗറി, ഫീസ് തുടങ്ങിയവ) മെമ്മോയിലും ഹോം പേജിലും ലഭിക്കും. വിദ്യാർഥിയുടെ അടിസ്ഥാനവിവരങ്ങൾ ഉൾപ്പെടുന്ന ഡേറ്റാ ഷീറ്റും അലോട്‌മെന്റ് ലഭിച്ചവർ ഹോം പേജിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കണം.
കോളേജിൽ പ്രവേശനം നേടുമ്പോൾ ഇത് അവിടെ നൽകണം.അലോട്‌മെന്റ് ലഭിച്ചവർ ബന്ധപ്പെട്ട കോളേജിൽ അടയ്ക്കേണ്ട ഫീസ് അലോട്‌മെന്റ് മെമ്മോയിൽ നൽകിയിരിക്കും. സെപ്റ്റംബർ 16 മുതൽ 20-നു വൈകീട്ട് നാലിനകം ബാധകമായ ഫീസടച്ച്, കോളേജിൽ പ്രവേശനം നേടണം. പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ഇതിനകം അടച്ച ഫീസ്, ഈ ഘട്ടത്തിലെ അലോട്‌മെന്റിന്റെ ഫീസിനെക്കാൾ കൂടുതലാണെങ്കിൽ അധികമായി അടച്ച തുക കേന്ദ്രീകൃത അലോട്‌മെന്റ് നടപടികൾ പൂർത്തിയായശേഷം, വിദ്യാർഥിക്ക് തിരികെ നൽകുന്നതാണ്.
ആദ്യമായി അലോട്‌മെന്റ് ലഭിച്ചവർ, പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അടയ്ക്കേണ്ട തുക, (മെമ്മോയിൽ നൽകിയിട്ടുള്ളത്) ഓൺലൈനായോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസിൽ (ലിസ്റ്റ് വെബ് സൈറ്റിൽ ഉണ്ട്) പണമായോ സമയപരിധിക്കുള്ളിൽ അടച്ചശേഷമാണ് കോളേജിൽ പ്രവേശനം നേടേണ്ടത്.
എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗക്കാരെയും വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റു ചില വിഭാഗക്കാരെയും ഫീസ് അടയ്ക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എന്നാൽ, അവർക്ക് സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളേജിലെ മൈനോറിറ്റി/ എൻ.ആർ.ഐ. ക്വാട്ടയിൽ ആണ് അലോട്‌മെന്റ് ലഭിച്ചതെങ്കിൽ അലോട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള തുക അടയ്ക്കണം. ഇവർക്ക് ഈ സീറ്റുകളിൽ ഫീസ് ഇളവിന് അർഹത ഉണ്ടാകില്ല.ഈ സമയപരിധിക്കകം കോളേജിൽ പ്രവേശനം നേടാത്തവരുടെ അലോട്‌മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാകും.
എം.ബി.ബി.എസ്./ബി.ഡി.എസ് സ്‌ട്രേ വേക്കൻസി
മൂന്നാംഘട്ടത്തിനുശേഷം എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്‌സുകളിൽ ഒഴിവുകൾ ഉണ്ടെങ്കിൽ, സ്‌ട്രേ വേക്കൻസി അലോട്‌മെന്റ് വഴി അവ നികത്തും. ഈ റൗണ്ടിൽ പങ്കെടുക്കാൻ അർഹതയുള്ളവർ ഈ റൗണ്ടിലേക്ക് പുതിയ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യേണ്ടിവരും.
എം.ബി.ബി.എസ്./ബി.ഡി.എസ്. സ്‌ട്രേ വേക്കൻസി അലോട്‌മെന്റിന് പുതിയ രജിസ്‌ട്രേഷൻ ഉണ്ടാകും. എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്‌സുകളിലെ മൂന്നാംഘട്ട അലോട്‌മെന്റിനു ശേഷമുള്ള പ്രവേശന വിവരങ്ങൾ കേന്ദ്രവും സംസ്ഥാനവും പരസ്പരം കൈമാറുന്നതാണ്.
കേന്ദ്ര അലോട്‌മെന്റ് പട്ടികയിലോ സംസ്ഥാനതല അലോട്‌മെന്റ് പട്ടികയിലോ ഒരാൾ ഉൾപ്പെട്ടിട്ടുള്ള പക്ഷം, ആ വിദ്യാർഥിക്ക് സ്‌ട്രേ വേക്കൻസി റൗണ്ടിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല. എം.ബി.ബി.എസ്./ബി.ഡി.എസ്. മൂന്നാം ഘട്ടത്തിൽ അലോട്‌മെന്റ് ലഭിച്ചവർ, മൂന്നാം ഘട്ടത്തിൽ പ്രവേശനം നേടിയവർ, പ്രവേശന പരീക്ഷാ കമ്മിഷണർ പ്രഖ്യാപിച്ച കട്ട് ഓഫ് തീയതിക്കുശേഷം പ്രവേശനം നേടിയ സീറ്റ് വേണ്ടന്നുെവച്ചവർ, കേന്ദ്ര അധികാരികൾ പങ്കുവെച്ച വിവരങ്ങൾ പ്രകാരം സ്‌ട്രേ റൗണ്ട് വേളയിൽ ഓൾ ഇന്ത്യ ക്വാട്ടയിൽ പ്രവേശനം ഉള്ളവർ/സീറ്റ് നിലനിർത്തുന്നവർ തുടങ്ങിയവർക്ക് സംസ്ഥാന സ്‌ട്രേ റൗണ്ടിൽ പങ്കെടുക്കാൻ അർഹതയുണ്ടാകില്ല. ഈ റൗണ്ടിന്റെ വിശദാംശങ്ങൾ പിന്നീട് പ്രസിദ്ധപ്പെടുത്തും.
അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്കുകൾ
ഈ ഘട്ടത്തിലെ അലോട്‌മെന്റ് പ്രകാരം, വിവിധ കോഴ്‌സുകളിൽ സംസ്ഥാനതലത്തിൽ സ്റ്റേറ്റ് മെറിറ്റിൽ അവസാനമായി അലോട്‌മെന്റ് ലഭിച്ച റാങ്കുകൾ ഇപ്രകാരമാണ്:
ഗവൺമെന്റ് വിഭാഗം: എം.ബി.ബി.എസ്. -864, ബി.ഡി.എസ്. -4215, ബി.എ.എം.എസ്. -11445, ബി.എച്ച്.എം.എസ്. -15333, ബി.എസ്‌സി. അഗ്രിക്കൾച്ചർ -8319, ബി.വി.എസ്‌സി. ആൻഡ് എ.എച്ച്. -4755, ബി.എസ്‌സി. ഫോറസ്ട്രി -10331, ബാച്ച്‌ലർ ഓഫ് ഫിഷറീസ് സയൻസ് -13192, ബി.എസ്‌സി. കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ് -14057, ബി.എസ്‌സി. ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ് -15078, ബി.ടെക്. ബയോടെക്‌നോളജി (കാർഷിക സർവകലാശാലയിലേത്) -12088, ബി.ഫാം -4699.
സ്വാശ്രയവിഭാഗം: എം.ബി.ബി.എസ.് – 9760, ബി.ഡി.എസ്. – 40427, ബി.എ.എം.എസ്. -37474, ബി.എസ്.എം.എസ്. -40309, ബി.യു.എം.എസ്. -40401, ബി.ഫാം -48025
അഖിലേന്ത്യാ ക്വാട്ട (അഖിലേന്ത്യാ മെറിറ്റ്): എം.ബി.ബി. എസ്. -6955, ബി.എ.എം.എസ്. -31123, ബി.എസ്.എം. എസ്. -28657, ബി.യു.എം.എസ്. -29956.
വിശദമായ അവസാന റാങ്ക് നില (കോഴ്‌സ്, കോളേജ്, കാറ്റഗറി അനുസരിച്ച്) www.cee.kerala.gov.in ൽ ലഭിക്കും.