ഇന്‍ഷുറന്‍സിനും ഹെല്‍മറ്റിനും ഇളവില്ല; ഇരുചക്ര വാഹനങ്ങളിലെ നിയമം ഇ-സ്‌കൂട്ടറുകള്‍ക്കും ബാധകം
നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പരിരക്ഷ, ഹെല്‍മെറ്റ് ധരിക്കല്‍ തുടങ്ങി ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ബാധകമാണെന്ന് ഡല്‍ഹി ഹൈക്കോടതി.
മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കാന്‍ അധികാരികളോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി (പി.ഐ.എല്‍.) തള്ളി ഹൈക്കോടതിയുടെ ഉത്തരവ്.
തലസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി യഥാസമയം വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് തുടരണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
രണ്ട് വാര്‍ത്താ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തതെന്നും ഹര്‍ജിക്കാരന്‍ ഉന്നയിച്ച അവകാശവാദങ്ങളും ആരോപണങ്ങളും പ്രശ്‌നങ്ങളും അടിസ്ഥാനരഹിതമാണെന്നും ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയും ജസ്റ്റിസ് സുബ്രമോണിയം പ്രസാദും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
ഭാവിയില്‍ ഇത്തരം പൊതുതാല്‍പര്യ ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് ആവശ്യമായ ജാഗ്രതയും സംയമനവും പാലിക്കണമെന്ന് കോടതി ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിച്ചു.
