ആറളത്തെ ആനമതിൽ നിർമാണം: മരംമുറി ലേലം നടന്നില്ല

Share our post

ഇരിട്ടി : ആറളം ഫാമിൽ 10.5 കിലോമീറ്റർ വനാതിർത്തിയിൽ ആനമതിൽ നിർമിക്കുന്നതിനായി മതിൽ കടന്നുപോകുന്ന ഭാഗങ്ങളിലെ മരം ലേലംചെയ്ത്‌ മുറിച്ചുനീക്കാനുള്ള ശ്രമം വിജയിച്ചില്ല. മുറിച്ചു നീക്കേണ്ട 390 മരങ്ങൾക്ക് സാമൂഹിക വനവത്കരണ വിഭാഗം 21 കോടി രൂപയായിരുന്നു വില നിർണയിച്ചത്. ഇതുപ്രകാരം കഴിഞ്ഞ 12-ന് നിശ്ചയിച്ച ലേലത്തിൽ പങ്കെടുക്കാൻ ആരുമുണ്ടായില്ല.

ലേലംചെയ്യുന്ന മരങ്ങളിൽ 80 ശതമാനവും പാഴ്‌മരങ്ങളാണ്. ഉയർന്ന വിലയായതുകൊണ്ട് തടിവ്യാപാര മേഖലയിലുള്ളവർ താത്പര്യം കാണിച്ചില്ല. വീണ്ടും ലേലം വിളിച്ചാലും സാഹചര്യം ഇതുപോലെയാകുമെന്ന് മനസ്സിലാക്കിയ അധികൃതർ മരം മുറിച്ച് അട്ടിയിടാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആദിവാസി പുരധിവാസ മിഷൻ 19-ന് മരം മുറിച്ചുനീക്കുന്നതിനുള്ള ലേലം വിളിക്കും.

വിവിധ റീച്ചുകളായി തരംതിരിച്ച് മരങ്ങൾ മുറിച്ചുമാറ്റി അട്ടിയിടുന്നതിനാണ് 19-ന് പുതിയ ടെൻഡർ വിളിക്കുന്നത്. 19-ന് നടക്കുന്ന മരം മുറിക്കൽ ടെൻഡർ പരിപ്പുതോട് മുതൽ പൊട്ടിച്ചപാറവരെയുള്ള 2.5 കിലോമീറ്ററിലെ 102 മരങ്ങളാണ് ആദ്യ റീച്ചിൽ പെടുന്നത്.

മരംമുറി വൈകുന്നതിനാൽ മതിലിന്റെ നിർമാണം ആരംഭിക്കാൻ കഴിയാത്തത് പല കോണുകളിൽനിന്നും വലിയ വിമർശനങ്ങൾക്കിടയാക്കുന്നുണ്ട്. ‌‌നാലുവർഷം മുൻപാണ് ആനമതിലിനായി 22 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചത്. ഇതുവരെയും മതിൽ നിർമാണം തുടങ്ങിയിട്ടില്ല.

വകുപ്പുകൾ തമ്മിലുള്ള തകർക്കവും മതിലിന് പകരം മറ്റ് പ്രതിരോധ മാർഗങ്ങൾ മതിയോയെന്ന കാര്യത്തിലുണ്ടായ അനിശ്ചിതത്വവുമാണ് നിർമാണം വൈകിപ്പിച്ചത്.

ആനമതിലിന് ഭരണാനുമതി ലഭിച്ച ശേഷം ആറളം ഫാമിൽ നാലുപേരാണ് കാട്ടാനയുടെ കുത്തേറ്റ് മരിച്ചത്. ഇതിനുപിന്നാലെ മൂന്നംഗ മന്ത്രിതല സംഘം ഫാമിലെ സാഹചര്യം നേരിട്ടുവിലയിരുത്തി ആനമിൽ തന്നെയാണ് അഭികാമ്യമെന്ന് പ്രഖ്യാപിച്ചിട്ടും ഒരുവർഷം കഴിഞ്ഞു.

ഇപ്പോൾ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 32 കോടി രൂപയാണ് മതിലിനായി അനുവദിച്ചത്. മരംമുറിയുടെ പേരിൽ വീണ്ടും നിർമാണം വൈകുന്നത് വലിയ വിമർശനങ്ങൾക്കിടയാക്കുമെന്ന് കണ്ട് പ്രവൃത്തി ഉദ്ഘാടനം നടക്കുന്നതിന് മുൻപുതന്നെ പ്രാരംഭ പ്രവൃത്തികൾ ആരംഭിച്ചു. മണ്ണുമാന്ത്രി യാന്ത്രം ഉപയോഗിച്ച് അടിത്തറ ഒരുക്കുന്നതും മറ്റും ആരംഭിച്ചു. ഉടൻതന്നെ മതിലിന്റെ പ്രവൃത്തി ഉദ്ഘാടനവും നടത്താനുള്ള തയ്യാറെടുപ്പിലാണ് ആദിവാസി പുരധിവാസ മിഷൻ‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!