സഹതടവുകാരികളുടെ പരാതി; ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി

Share our post

നെയ്യാറ്റിൻകര: സഹതടവുകാരികളുടെ പരാതിയെത്തുടർന്ന് ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ അട്ടക്കുളങ്ങരയിൽ നിന്ന്‌ മാവേലിക്കര വനിതാ സ്‌പെഷ്യൽ ജയിലിലേക്കു മാറ്റി.

ഇതുസംബന്ധിച്ച് അട്ടക്കുളങ്ങര വനിതാ ജയിൽ സൂപ്രണ്ട് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി ജഡ്ജിയാണ് ജയിൽ മാറ്റാനായി ഉത്തരവിട്ടത്.

ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രീഷ്മയെ മാവേലിക്കര ജയിലിലേക്കു മാറ്റി. ഗ്രീഷ്മയുടെ റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജഡ്ജി വിദ്യാധരൻ ജയിൽ മാറ്റാനായി ഉത്തരവിട്ടത്.

ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഹാജരാക്കാനും ജയിൽ സൂപ്രണ്ടിനോടു കോടതി നിർദേശിച്ചു. ഗ്രീഷ്മയുടെ കസ്റ്റഡി കാലാവധി തീരുന്ന മുറയ്ക്ക് റിപ്പോർട്ട് കോടതിയിൽ നൽകണം.

ജാതകദോഷം തീർക്കാൻ സുഹൃത്തായ പാറശ്ശാല, സമുദായപ്പറ്റ്, ജെ.പി. ഭവനിൽ ജയരാജിന്റെ മകൻ ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് തമിഴ്‌നാട്ടിലെ ദേവിയോട്, രാമവർമൻചിറ, പൂമ്പള്ളിക്കോണം, ശ്രീനിലയത്തിൽ ഗ്രീഷ്മ. ഈ കേസിലെ രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു, മൂന്നാം പ്രതി അമ്മാവൻ നിർമൽകുമാർ എന്നിവർ കോടതി ജാമ്യത്തിലാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 13, 14-നുമായി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനു നൽകി.

തുടർന്ന് ആശുപത്രിയിലായ ഷാരോൺ 25-നു മരിച്ചു. ഷാരോണിന്റെ രക്ഷാകർത്താക്കൾ പാറശ്ശാല പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 30-ന് ഗ്രീഷ്മയെയും 31-ന് അമ്മ സിന്ധുവിനെയും അമ്മാവൻ നിർമൽകുമാറിനെയും അറസ്റ്റുചെയ്തത്.

ഒക്ടോബർ 30 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ഗ്രീഷ്മ അട്ടക്കുളങ്ങര വനിതാ ജയിലിലാണ് കഴിഞ്ഞിരുന്നത്.

വിചാരണ തമിഴ്‌നാട്ടിലേക്കു മാറ്റണമെന്ന ഹർജി 26-നു പരിഗണിക്കും

കേസിനാസ്പദമായ സംഭവം നടന്നത് തമിഴ്‌നാട്ടിലായതിനാൽ വിചാരണ തമിഴ്‌നാട്ടിലെ കോടതിയിലേക്കു മാറ്റണമെന്ന ഗ്രീഷ്മയുടെ ഹർജി ഹൈക്കോടതി ഈ മാസം 26-ന് പരിഗണിക്കും.

അതുവരെ വിചാരണക്കോടതിയിൽ കുറ്റപത്രം വായിക്കുന്നത് ഹൈക്കോടതി വിലക്കി. നേരത്തെ ഗ്രീഷ്മയുടെ വിചാരണ തമിഴ്‌നാട്ടിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തിരുവനന്തപുരം ജില്ലാ കോടതി തള്ളിയിരുന്നു. ഇതിനെത്തുടർന്ന് ഗ്രീഷ്മയുടെ അഭിഭാഷകനായ ശാസ്തമംഗലം അജിത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!