12കാരിയെ ബലാത്സംഗം ‌ചെയ്‌ത 54കാരന് 109 വര്‍ഷം കഠിന തടവും പിഴയും

Share our post

മഞ്ചേരി : പന്ത്രണ്ടുകാരിയെ പലതവണ ബലാത്സംഗം ‌ചെയ്‌ത അമ്പത്തിനാലുകാരന് 109 വർഷം കഠിന തടവും 90,000 രൂപ പിഴയും ശിക്ഷ. അരീക്കോട് വാലില്ലാപ്പുഴ സ്വദേശിയെയാണ് മഞ്ചേരി രണ്ടാം അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. 12 വയസിനുതാഴെ പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിനും രക്തബന്ധത്തിൽപ്പെട്ടവർ തന്നെ ബലാൽക്കാരം ചെയ്തതിനും പീഡനം ആവർത്തിച്ച കുറ്റത്തിനും 30 വർഷം വീതം കഠിന തടവും 25,000 രൂപ വീതം പിഴയുമാണ് ശിക്ഷ.

പിഴയടക്കാത്തപക്ഷം ഒരോ വകുപ്പിലും നാലുമാസംവീതം അധിക തടവും അനുഭവിക്കണം. ശാരീരികമായുള്ള അതിക്രമം നടത്തിയ കുറ്റത്തിന് മൂന്ന് വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. മൂന്ന് വകുപ്പുകളിലും ആറുവർഷംവീതം കഠിന തടവും 5000 രൂപവീതം പിഴയുമാണ് ശിക്ഷ. പിഴയടക്കാത്തപക്ഷം ഒരോവകുപ്പിലും ഓരോമാസംവീതം തടവും അനുഭവിക്കണം. കുട്ടിയെ ഭീഷണിപ്പെടുത്തിയ കുറ്റത്തിന് ഒരുവർഷത്തെ കഠിന തടവുമാണ് ശിക്ഷ. പ്രതി പിഴയടക്കുന്നപക്ഷം തുക അതിജീവിതയ്‌ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. 16 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 18 രേഖകളും ഹാജരാക്കി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.

2022 ആഗസ്റ്റ് മുതൽ ജനുവരി 24 വരെയുള്ള കാലയളവിൽ ബാലികയെ പ്രലോഭിപ്പിച്ച് കടയിലേക്കെന്ന്‌ വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി മഞ്ചേരിയിൽവച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. രണ്ട് ഭാര്യമാരുള്ള പ്രതി സമാനരീതിയിൽ പലതവണ തെറ്റ് ആവർത്തിച്ചതായും പരാതിയിലുണ്ട്. കൂട്ടുകാരി വഴിയാണ് കുട്ടി സ്‌കൂളിലെ അധ്യാപികയോട് പീഡന വിവരം പറഞ്ഞത്. അധ്യാപിക അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ കേസെടുക്കാൻ മഞ്ചേരി പൊലീസിന് നിർദേശം നൽകി. മഞ്ചേരി ഇൻസ്‌പെക്ടർ റിയാസ് ചാക്കീരിയാണ് 2023 ഫെബ്രുവരി 11ന് പ്രതിയെ അറസ്റ്റ് ചെയ്തതും അന്വേഷിച്ച്‌ കുറ്റപത്രം സമർപ്പിച്ചതും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!