Kerala
ഭരണസമിതിയിൽ യുവാക്കൾക്ക് സംവരണം; സഹകരണ സംഘം ഭേദഗതി ബിൽ പാസാക്കി

തിരുവനന്തപുരം : കേരളത്തിലെ സഹകരണമേഖലയ്ക്ക് കരുത്തു പകരുന്ന നിയമഭേദഗതികളടങ്ങുന്ന കേരളസഹകരണ സംഘം മൂന്നാം ഭേദഗതി ബിൽ നിയമസഭ പാസാക്കി. തുടർച്ചയായി മൂന്ന് തവണയിലധികം വായ്പാ സംഘങ്ങളുടെ ഭരണസമിതിയംഗമായി തെരഞ്ഞെടുക്കപ്പെടാൻ പാടില്ല, യുവാക്കൾക്ക് ഭരണസമിതിയിൽ സംവരണം, ആധുനീകരണത്തിനായി ഏകീകൃത സോഫ്റ്റ്‌വെയർ, ഭരണസമിതിയിൽ വിദഗ്‌ധ അംഗങ്ങൾ തുടങ്ങി സഹകരണ മേഖലയിലെ എല്ലാ വശങ്ങളെയും പുതിയ കാലഘട്ടത്തിന് ഉതകുന്ന രീതിയിൽ പരിഗണിക്കുന്ന ബില്ലാണ് അവതരിപ്പിച്ചത്.
സഹകരണ ഭേദഗതി നിയമം സെലക്ട് കമ്മിറ്റിക്ക് സമർപ്പിച്ചതിനെ തുടർന്ന് കമ്മിറ്റി 14 ജില്ലകളിലും തെളിവെടുപ്പ് നടത്തിയിരുന്നു. അതനുസരിച്ച് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകൾ സംഘങ്ങളുടെ സ്വയംഭരണ അധികാരത്തിനും ജനാധിപത്യപരമായ പ്രവർത്തനത്തിനും എതിരാണെന്ന അഭിപ്രായം വന്നിരുന്നു. ഇതെല്ലാം പരിഗണിച്ച് ആവശ്യമായ മാറ്റങ്ങളോടെയാണ് സഹകരണ മന്ത്രി വി എൻ വാസവൻ ബിൽ അവതരിപ്പിച്ചത്.
സഹകരണ സംഘങ്ങളിൽ ഒരേ വ്യക്തികൾ ദീർഘകാലം ഭാരവാഹികളായി തുടരുന്ന സാഹചര്യമുണ്ട്. ശ്രദ്ധയിൽ വന്ന പല ക്രമക്കേടുകളും ദീർഘകാലങ്ങളായി ഒരേ വ്യക്തികൾ ഭാരവാഹികളായി തുടരുന്ന സംഘങ്ങളിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തുടർച്ചയായി ഭരണസമിതി അംഗമാകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. സംഘങ്ങളിൽ ഭിന്നശേഷിക്കാർക്ക് നിയമനത്തിനുണ്ടായിരുന്ന മൂന്നു ശതമാനം സംവരണം നാലാക്കി. പ്രവർത്തനങ്ങൾ ആധുനീകരിക്കുന്നതിന്റെ ഭാഗമായി പൊതു സോഫ്റ്റ്‌വെയർ ഏർപ്പെടുത്തി. പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കാൻ ടീം ഓഡിറ്റ് സംവിധാനവും ബില്ലിലുണ്ട്. സംഘം ഭരണസമിതിയെ സസ്‌പെൻഡ് ചെയ്യാനുള്ള ഭേദഗതി നിയമത്തിലെ വ്യവസ്ഥ ദുരുപയോഗം ചെയ്യാനുള്ള സാധ്യത പരിഗണിച്ച് അക്കാര്യം ഒഴിവാക്കി.
ഇനിമുതൽ എല്ലാ വിഭാഗം സഹകരണ സംഘങ്ങളിലെയും ജൂനിയർ ക്ലർക്ക് മുതലുള്ള നിയമനം പരീക്ഷാ ബോർഡ് നടത്തും. യുവജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതോടൊപ്പം സഹകരണ സംഘങ്ങൾക്കായി പുനരുദ്ധാരണ നിധിയും ബില്ലിൽ ഏർപ്പെടുത്തി.
സഹകരണ മേഖല കാലത്തിന് അനുസരിച്ച് ഉയരുമെന്ന് മന്ത്രി വി.എൻ. വാസവൻ. ഒറ്റപ്പെട്ട അനഭിലഷണീയ പ്രവണതകൾ തിരുത്താനും പ്രശ്നങ്ങൾ പരിഹരിക്കാനും ഭേദഗതി അനിവാര്യമാണെന്നും നിയമസഭയിൽ സഹകരണ സംഘം മൂന്നാംഭേദഗതി ബിൽ സംബന്ധിച്ച ചർച്ചകൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സംഘവുമായി ബന്ധപ്പെട്ട ബാധ്യതകൾ വാർഷിക ജനറൽ ബോഡിയിൽ റിപ്പോർട്ട് ചെയ്യണം. കരുവന്നൂർ സഹകരണ സംഘം സാധാരണ നിലയിലായി. 105 കോടിയുടെ നിക്ഷേപം പുനക്രമീകരിച്ചു.
അന്തർസംസ്ഥാന സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് പരിരക്ഷയില്ല
കേരളത്തിൽ പ്രവർത്തിക്കുന്ന അന്തർസംസ്ഥാന സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് സംസ്ഥാന സർക്കാരിന് പരിരക്ഷ നൽകാനാകില്ലെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു. സംസ്ഥാന സഹകരണ രജിസ്ട്രാറുടെ അനുമതി തേടാതെയാണ് ഈ സംഘങ്ങൾ പ്രവർത്തിക്കുന്നത്. മൾട്ടി സ്റ്റേറ്റ് സംഘങ്ങളിൽ ഓഡിറ്റ് അടക്കമുള്ള കാര്യങ്ങൾ അവർ നിശ്ചയിക്കുന്ന രീതിയിലാണ് നടത്തുന്നത്. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പുനരുദ്ധാരണ നിധിയിൽ ഈ സംഘങ്ങൾ ഉൾപ്പെടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
മൾട്ടി സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റികളുടെ പ്രവർത്തനം വ്യാപിപ്പിച്ച് ഒരു സഹകരണ സംവിധാനം നടപ്പാക്കുന്നതിനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഈ നീക്കം തടയുന്നതിന് നിയമപരമായ മാർഗങ്ങൾ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
Kerala
മഴയെത്തുന്നു,അടുത്ത അഞ്ചുദിവസം കനത്ത ചൂടിന് ആശ്വാസമാകുമെന്ന് കാലാവസ്ഥാ പ്രവചനം


കനത്ത ചൂടിനാശ്വാസമായി കേരളത്തില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.ഇന്ന് ആറ് ജില്ലകളില്‍ നേരിയ മഴ ലഭിച്ചേക്കാമെന്നാണ് അറിയിപ്പ്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴ ലഭിക്കാൻ സാദ്ധ്യതയുള്ളത്.
ഫെബ്രുവരി 23: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
ഫെബ്രുവരി 24: കണ്ണൂർ, കാസർകോട്
ഫെബ്രുവരി 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി
ഫെബ്രുവരി 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് നേരിയ മഴയ്ക്കുള്ള സാദ്ധ്യതയുള്ളത്.
കന്യാകുമാരി തീരത്ത് നാളെ ഉച്ചയ്ക്ക് 02.30 മുതല്‍ രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.
കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.
🔴 കടല്‍ക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
🔴 ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
🔴 കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാദ്ധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
🔴 ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.
🔴 മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
🔴 ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
🔴 തീരശോഷണത്തിനു സാദ്ധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലർത്തുക.
Kerala
വമ്പൻ വാഗ്ദാനം നൽകി ഭാര്യയും ഭർത്താവും കൂടി തട്ടിയെടുത്തത് 44 ലക്ഷം, ഭർത്താവ് പിടിയിൽ


കൽപ്പറ്റ: യു കെയിലേക്ക് കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 44 ലക്ഷം രൂപ തട്ടിയ കേസിൽ വയനാട് സ്വദേശിയെ അറസ്റ്റ് ചെയ്‌തു. മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യർ (51) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് വെച്ചാണ് കൽപ്പറ്റ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സേവ്യറിന്റെ ഭാര്യയും കേസിലെ ഒന്നാം പ്രതിയുമായ അന്ന ഗ്രേസ് ഓസ്റ്റിനെ പിടികൂടാനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
2023 ഓഗസ്റ്റ് മുതൽ 2024 മെയ് വരെയുള്ള കാലയളവിലാണ് 4471675 ലക്ഷം രൂപ സേവ്യറും ഭാര്യയും കൂടെ തിരുവനന്തപുരം, ആറ്റിങ്ങൽ സ്വദേശിനിയിൽ നിന്നും ബന്ധുക്കളിൽ നിന്നുമായി തട്ടിയെടുത്തത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ പേജുകൾ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്. ഓട്ടിസം ബാധിച്ച കുട്ടിക്ക് യു കെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നൽകുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
സംസ്ഥാനത്ത് വേറെയും ആളുകൾ ഇവരുടെ വലയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡി വൈ എസ് പി ഷൈജു പി എല്ലിന്‍റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ബിജു ആന്‍റണി, എസ് ഐ രാംകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരിജ, അരുൺ രാജ്, സിവിൽ പൊലീസ് ഓഫീസർമാരായ ദിലീപ്, ലിൻ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ അന്ന ഗ്രേസ് ഓസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Kerala
386 കിലോ മീറ്റർ റോഡിന്റെ നവീകരണത്തിന് 357 കോടി രൂപയുടെ ഭരണാനുമതി


തിരുവനന്തപുരം: ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി വിവിധ ജില്ലകളിലായി 79 റോഡുകളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി 356.97 കോടി രൂപയുടെ പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകി. പദ്ധതി വിഹിതം ഉപയോഗിച്ച് 67 റോഡുകൾക്കായി 326.97 കോടി രൂപയുടേയും പദ്ധതിയേതര വിഭാഗത്തിൽ 12 റോഡുകൾക്കായി 30 കോടി രൂപയുടേയും പ്രവൃത്തിയാണ് നടത്തുക. ആകെ 386 കിലോ മീറ്ററോളം റോഡിന്റെകൂടി നവീകരണത്തിനാണ് ഇതോടെ വഴിതെളിഞ്ഞിരിക്കുന്നത്.
രണ്ടു വിഭാഗങ്ങളിലുമായി തിരുവനന്തപുരം ജില്ലയിൽ 15 റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. 76 കോടി രൂപ മുടക്കി 70 കിലോ മീറ്ററോളം റോഡ് ജില്ലയിൽ നവീകരിക്കും. കൊല്ലം ജില്ലയിൽ ആകെ 75 കിലോ മീറ്ററോളം ദൈർഘ്യത്തിൽ 13 റോഡുകൾക്കായി 58.7 കോടി രൂപയും ആലപ്പുഴ ജില്ലയിൽ ആകെ 35 കിലോ മീറ്റർ ദൈർഘ്യത്തിൽ എട്ട് റോഡുകൾക്കായി 35.85 കോടി രൂപയും അനുവദിച്ചു. കോട്ടയം ജില്ലയിൽ എട്ടു റോഡുകളിലായി 24 കിലോ മീറ്ററാണ് നവീകരിക്കുക. ഇതിനായി 30.35 കോടി രൂപയ്ക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. എറണാകുളം ജില്ലയിൽ ഒൻപത് റോഡുകൾക്കായി 33.8 കോടി രൂപ അനുവദിച്ചു. 44 കിലോ മീറ്ററിന്റെ നവീകരണത്തിനാണ് ഈ തുക.
പദ്ധതി വിഭാഗത്തിൽ ഇടുക്കി ജില്ലയിൽ നാലു റോഡുകളാണ് നവീകരിക്കുന്നത്. ആകെ 40.77 കിലോ മീറ്ററിന് 35.5 കോടി രൂപയുടെ ഭരണാനുമതി നൽകി. തൃശൂർ ജില്ലയിൽ ആകെ 31 കിലോ മീറ്റർ വരുന്ന എട്ടു റോഡുകൾ നവീകരിക്കാൻ 30.12 കോടിയും പാലക്കാട് ജില്ലയിൽ ഏഴു റോഡുകളിലായി 30.5 കിലോ മീറ്ററിന് 26.15 കോടി രൂപയും അനുവദിച്ചു.മിക്കവാറും റോഡുകളുടെ പുനരുദ്ധാരണം ബി.എം.ബി.സി. നിലവാരത്തിലും ബി.സി. ഓവർലേയിലുമാണ് പൂർത്തിയാക്കുക. കേരളത്തിലെ റോഡുകളുടെ നിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ റോഡുകളുടെ നവീകരണത്തിന് പണം അനുവദിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. എത്രയും വേഗത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഇവയുടെ നവീകരണപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്