നിപ: സംസ്ഥാനത്തെ സ്കൂളുകൾക്ക് മാസ്ക് നിർബന്ധമാക്കി

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും മാസ്ക് നിർബന്ധമാക്കുന്നത് അടക്കമുള്ള അടിയന്തിര മുൻകരുതലുകൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം.
കോഴിക്കോട് ജില്ലയിൽ നിപ വൈറസ് പകർച്ച വ്യാധിയുമായി ബന്ധപ്പെട്ട് നിലവിൽ 9പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ കണ്ടെയ്ൻമെൻറ് സോണുകളായി കോഴിക്കോട് ജില്ലാകളക്ടർ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ പ്രസ്തുത പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ചും, കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെട്ട കുട്ടികളുടെ പഠനം സംബന്ധിച്ചും, നിപ പ്രതിരോധ മാർഗ്ഗങ്ങളെ സംബന്ധിച്ചും,കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെട്ട കുട്ടികളുടെ പഠനം സംബന്ധിച്ചും, നിപ പ്രതിരോധ മാർഗ്ഗങ്ങളെ സംബന്ധിച്ചും സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും ബാധകമാകുന്ന നിലയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറത്തിറക്കി.
1. വായും മൂക്കും മൂടുന്ന വിധത്തിൽ എല്ലാവരും കൃത്യമായി മാസ്ക് ധരിക്കുക.
2 . കൈകൾ കൊണ്ട് ഇടയ്ക്കിടക്ക് കണ്ണിലും മൂക്കിലും തൊടാതിരിക്കുക.
3 . ഇടയ്ക്കിടക്ക് കൈകൾ സോപ്പ് വെളളം ഉപയോഗിച്ച് 20 സെക്കൻറ് എടുത്ത് നന്നായി കഴുകുക. അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.
4 . നിലത്ത് വീണു കിടക്കുന്നതും, പക്ഷി മൃഗാദികൾ കടിച്ചതുമായ പഴങ്ങൾ ഉപയോഗിക്കരുത്.
എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് സർക്കുലറിൽ ഉള്ളത്.