പേരാവൂർ മാരത്തൺ അഞ്ചാം എഡിഷൻ ഡിസംബർ 23ന്

പേരാവൂർ : പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പേരാവൂർ മാരത്തൺ (10.5 K) അഞ്ചാം എഡിഷൻ ഡിസംബർ 23ന് പേരാവൂരിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും.
പേരാവൂർ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ,പോലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ ടീം, വിവിധ സർക്കാർ സ്ഥാപനങ്ങൾ, സ്‌പോർട്‌സ് ക്ലബ്ബുകൾ, കോളേജുകൾ, സ്‌കൂളുകൾ, സാമൂഹിക/സാംസ്‌കാരിക സംഘടനകൾ എന്നിവ എല്ലാ വർഷവും ഈ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി സംഘാടകരുമായി കൈകോർക്കുന്നു. ‘സേ നോ ടു ഡ്രഗ്സ്’ ബോധവൽക്കരണം നടത്തുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
3000-ലധികം ഓട്ടക്കാരും റൂട്ടിലും വേദിയിലും ഏകദേശം മൂന്ന് മടങ്ങിൽ കൂടുതൽ ജനക്കൂട്ടത്തെയും സംഘാടകർ പ്രതീക്ഷിക്കുന്നു. വിവിധ വിഭാഗങ്ങൾക്കായി 10.5K-യിൽ പ്രൈസ് മണിയും കുടുംബങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി 3.5K ഫൺ റണ്ണും ക്രമീകരിച്ചിട്ടുണ്ട്. ഓപ്പൺ കാറ്റഗറിയിൽ 10000, 5000, 3000 എന്ന ക്രമത്തിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങൾക്കും അതിനുശേഷം ഫിനിഷ് ചെയ്യുന്ന ആദ്യത്തെ അഞ്ച് ഓട്ടക്കാർക്ക് അവരുടെ പ്രയത്നത്തിന് അംഗീകാരമായി ആയിരം രൂപ വീതവും ലഭിക്കും.
ഇതേ ക്രമത്തിൽ വനിതാ വിഭാഗത്തിനും സമ്മാനങ്ങൾ ഉണ്ട്. 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ക്യാഷ് പ്രൈസും ഉണ്ട്. ഓട്ടത്തിനൊടുവിൽ എല്ലാവർക്കും ഫിനിഷർ മെഡലും ലഭിക്കും.
ഓപ്പൺ കാറ്റഗറിയിൽ രജിസ്ട്രേഷൻ ഫീസ് 600 രൂപയും, ഫൺ റൺ കാറ്റഗറിക്ക് രജിസ്ട്രേഷൻ ഫീസ് 400 രൂപയുമാണ് .18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 250 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഓൺലൈൻ രജിസ്‌ട്രേഷൻ www.peravoormarathon.com എന്ന വെബ്‌സൈറ്റിൽ ഒക്ടോബർ പത്താം തീയതി മുതൽ ലഭ്യമാണ്. പത്രസമ്മേളനത്തിൽ പി.എസ്.എഫ് ഭാരവാഹികളായ ഡെന്നീസ് ജോസഫ്, എം
സി. കുട്ടിച്ചൻ, പ്രദീപൻ പുത്തലത്ത്, സലാം പാണമ്പ്രോൻ എന്നിവർ സംബന്ധിച്ചു.