കണ്ണൂര്‍ ജില്ല ആശുപത്രിയിലെ കൈക്കൂലി: സൂപ്രണ്ട് ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് നല്കി

കണ്ണൂര്‍: ജില്ല ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്നവരോട് ഡോക്ടര്‍മാര്‍ പണം വാങ്ങുന്നുവെന്ന രോഗികളുടെ പരാതിയില്‍ സൂപ്രണ്ട് ഡോ. എം. പ്രീത ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് കൈമാറി. ജനറല്‍ സര്‍ജറി, എല്ല് രോഗ വിഭാഗങ്ങളിലെ ചില ഡോക്ടര്‍മാര്‍ ഏജന്റുമാരെ ഉപയോഗിച്ച് കൈക്കൂലി വാങ്ങുന്നതായാണ് പരാതി. ശസ്ത്രക്രിയ ഉപകരണങ്ങൾ തകരാറിലായതിനാൽ സാധനങ്ങൾ വാടകക്ക് എടുക്കാനെന്നും വാങ്ങാനെന്നും പറഞ്ഞാണ് പണം ഈടാക്കുന്നതെന്ന് രോഗികൾ പറയുന്നു.
അസ്ഥിരോഗ വിഭാഗത്തിൽ ശസ്ത്രക്രിയ നടത്തിയവരിൽനിന്ന് 8,000 മുതൽ 35,000 വരെ തട്ടിയെടുത്തതായാണ് പരാതി. ഏജന്റുമാർ വഴിയാണ് പണപ്പിരിവ്. ശസ്ത്രക്രിയ വേണ്ടിവരുന്നവര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സ്വകാര്യ ക്ലിനിക്കിലെത്തിയാണ് പണമിടപാട് നടത്തുന്നതെന്നാണ് ആരോപണം. അപകടത്തില്‍ കൈ എല്ലൊടിഞ്ഞതിന് ശസ്ത്രക്രിയ നടത്താൻ ഡോക്ടര്‍ക്ക് പണം നല്‍കിയതായി കണ്ണൂർ സ്വദേശിയായ വീട്ടമ്മ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ ആരും പരാതി നൽകിയില്ല.
പ്രാഥമിക അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വ്യക്തമായെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. രേഖാമൂലം പരാതി ലഭിച്ചില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. ചികിത്സയിലുള്ളവരുടെ മൊഴി ശേഖരിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് ആശുപത്രിക്ക് പുറത്തുനിന്നുള്ളവര്‍ രോഗികളോട് സംസാരിക്കുന്നതിന് വിലക്കേർപ്പെടുത്തിയെന്നും പണമിടപാടുകൾ കൗണ്ടര്‍ മുഖേന മാത്രമേ അനുവദിക്കുകയുള്ളൂവെന്നും സൂപ്രണ്ട് അറിയിച്ചു.