അറുപതോളം വിദേശപഴങ്ങൾ: ഹിസ് ഗ്രേയ്സ് അത്ഭുതങ്ങളുടെ തോട്ടമാണ്

കണ്ണൂർ: നാവിൽ രുചി നിറച്ച് നഗരമദ്ധ്യത്തിൽ വിദേശ പഴത്തോട്ടം കാഴ്ചക്കാരിൽ അത്ഭുതം നിറക്കുന്നു. താണയിലെ അഡ്വ. കെ.എൽ അബ്ദുൾ സലാമിന്റെ ‘ഹിസ് ഗ്രേയ്സ്’ എന്ന വീടും പരിസരവുമാണ് വിദേശികളായ അറുപതോളം ഫലവർഗങ്ങളാൽ സമൃദ്ധമായിരിക്കുന്നത്.
ഇലയും തൊലിയും തണ്ടും കായയും ഉൾപ്പെടെ വയലറ്റ് നിറമുള്ള വയലറ്റ് പേര, ഇന്തോനേഷ്യൻ ഇനമായ വെള്ള ഞാവൽ, സ്വർണ നിറത്തിലുള്ള അത്തിപ്പഴം, ഓസ്ട്രേലിയ ബൊളീവിയ എന്നിവിടങ്ങളിൽ ധാരാളം വളരുകയും നൂറുവർഷത്തിലേറെ ആയുസുള്ളതുമായ മാംഗോസ്റ്റിൻ വിഭാഗത്തിൽപെട്ട അച്ചാച്ചെറു തുടങ്ങിയവയൊക്കെ ഇവിടെയുണ്ട്.
പത്ത് വർഷം മുൻപ് നട്ട ചുവപ്പ് റംബൂട്ടാനാണ് അബ്ദുൾ സലാമിനെ വിദേശ പഴങ്ങളിലേക്ക് ആകർഷിച്ചത്. 200 കിലോഗ്രാംവരെയാണ് ഓരോ പ്രാവശ്യവും റംബൂട്ടാൻ വിളവ് കിട്ടിയത്. അത് വിവിധ ഇനങ്ങളിൽ പെട്ട ഫലവൃക്ഷത്തോട്ടം ഒരുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
ഓസ്ട്രേലിയൻ ഇനമായ ബറാബ, ഇന്തോനേഷ്യൻ താരം കെപ്പൽ, മഴക്കാടുകളിൽ വളരുന്ന അർസാബോയ്, റംബൂട്ടാന്റെ അപരനും മലേഷ്യയിൽ നിന്ന് വന്നതുമായ പുലാസൻ, ഒരു പഴം കഴിച്ചാൽ പിന്നീട് കുറേ നേരത്തേക്ക് കഴിക്കുന്ന എന്തിനും മധുരം അനുഭവപ്പെടുന്ന മിറാക്കിൾ ഫ്രൂട്ട്, പാപ്പുവ ന്യൂ ഗിനിയൻ ഇനമായ മട്ടോവ, ലോംഗ്ബെറി, അഭിയു, മാംഗോസ്റ്റിൻ, ലാങ്‌സെറ്റ്, ജെബൊട്ടിക്കാ, ലിവ്പോട്ട്, സ്‌കൂൾ ബോയി, ചാമിലിയാംഗ്, ആലുപോട്ട്, ബാലി ചാമ്പ, റെഡ് ചാമ്പ, മലേഷ്യൻ ചാമ്പ, സീഡ്ലെസ്സ് ലെമൺ, ദുരിയാൻ, ബട്ടർ, സാന്തോൾ, കിളിഞാവൽ, അലഹാബാദ് സഫേദ്, ലളിത് പേരക്ക, റെഡ് പേരക്ക, കാക്കഫ്രൂട്ട്, ഇസ്രായേൽ ഓറഞ്ച്, ബെയർ ആപ്പിൾ, കട്ട്നെട്ട്, വിവിധതരം റംബൂട്ടാൻ എന്നിവയൊക്കെ അബ്ദുൾ സലാമിന്റെ തോട്ടത്തിൽ ഇടം പിടിച്ചിട്ടുണ്ട്.
ഭാര്യ മാസിയയും മക്കളുമാണ് സലാമിന്റെ സഹായികൾ. ഉളിക്കൽ നഴ്സറിയിൽ നിന്നാണ് തൈകൾ എത്തിച്ചത്. അതോടൊപ്പം ചന്ദ്രക്കാരൻ മാങ്ങ, മാമി സപ്പോർട്ട, ചക്ക, കശുമാവ്, തേങ്ങ, അടക്ക, പച്ചക്കറികൾ എന്നിവയും കൃഷി ചെയ്യുന്നുണ്ട്.