നിപ: സമ്പർക്ക പട്ടികയിലുള്ളത് 702 പേർ, മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്ത്

Share our post

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതൽ പേരെ കണ്ടെത്തി. മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്.

ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്.

നിപ സ്ഥിരീകരിച്ച സാമ്പിളുകൾ ഉൾപ്പെടെ ആകെ ഏഴു സാമ്പിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മൊബൈൽ ലാബും ജില്ലയിൽ സജ്ജമാക്കും. ഇത് വഴി പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാകും.

ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ കൺട്രോൾ റൂമുകളുടെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ രോഗലക്ഷണമുണ്ടെങ്കിൽ കോൾ സെന്ററിൽ ബന്ധപ്പെടണം. രോഗബാധിത പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

നിപ ബാധിച്ച് ആദ്യം മരിച്ച മുഹമ്മദലിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഓഗസ്റ്റ് 22-നാണ് ഇയാൾ അസുഖബാധിതനാകുന്നത്. 23-ാം തീയതി വൈകിട്ട് ഏഴ് മണിയോടെ തിരുവള്ളൂർ കുടുംബ പരിപാടിയിൽ പങ്കെടുത്തു. കാറിലായിരുന്നു യാത്ര. 25-ാം തീയതി, മുള്ളാർക്കുന്ന് ബാങ്കിൽ രാവിലെ 11 മണിയോടെ കാറിൽ എത്തി.

അന്നേദിവസം ഉച്ചയ്ക്ക് 12.30ന് കല്ലാട് ജുമാ മസ്ജിദിൽ എത്തി. 26-ാം തീയതി രാവിലെ 11 – 1.30 ന് ഇടയിൽ ഡോ. ആസിഫ് അലി ക്ലിനിക്കിൽ. 28-ാം തീയതി രാത്രി 9 മണിയോടെ ഇഖ്റ റഹ്മ ആശുപത്രി തൊട്ടിൽ പാലം. കാറിലായിരുന്നു ആശുപത്രിയിൽ എത്തിയത്.

29-ാംതീയതി പുലർച്ചെ 12.02- ഓടെ കോഴിക്കോട് ഇഖ്റ ആശുപത്രിയിലേക്ക്. ഇവിടെവെച്ച് മരണപ്പെട്ട മുഹമ്മദിനെ 30-ാം തീയതി ഉച്ചക്ക് രണ്ട് മണിയോടെ വീട്ടിലേക്ക് ആംബുലൻസിൽ എത്തിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!