ആനവണ്ടി പറയും ഒരു വയനാടൻ ഫ്ളാഷ്ബാക്ക്

ഇരിട്ടി : കൊക്കോ കായകൾ വിറ്റഴിക്കാൻ ഇരിട്ടിയിൽ നിന്നുള്ള കർഷകരുമായി വയനാടൻ ചുരം കയറിപ്പോയ ഗൃഹാതുരമായ ഇന്നലെകളുണ്ട് ഈ ആനവണ്ടിക്ക്. മൂന്ന് പതിറ്റാണ്ടിനിപ്പുറവും പയ്യന്നൂർ–സുൽത്താൻ ബത്തേരി ദീർഘദൂര കെഎസ്‌ആർടിസി ബസെന്ന ഈ ആനവണ്ടി കിതക്കാതെ കുതിപ്പ് തുടരുകയാണ്.
ബോയ്‌സ് ടൗൺ പാത വരും മുമ്പെ നിടുമ്പൊയിൽ ചുരം കയറി ശീലിച്ച ബസ് പ്രതിദിനം പിന്നിടുന്നത് 340 കിലോമീറ്ററാണ്. പയ്യന്നൂരിൽനിന്ന് പുലർച്ചെ 5.15ന് പുറപ്പെടുന്ന ബസ് പകൽ 11.30ന് ബത്തേരിയിൽ എത്തും. 12.30ന് തിരികെ പയ്യന്നൂരിലേക്ക്. വൈകിട്ട് ആറരക്ക് പയ്യന്നൂരിൽ എത്തും. മുപ്പത് വർഷം പിന്നിട്ട മികച്ച ടിക്കറ്റ് കലക്ഷൻ റെക്കൊഡിട്ടാണ് ഓട്ടം തുടരുന്നത്.
തളിപ്പറമ്പ്, ഇരിട്ടി, പേരാവൂർ, ബോയ്‌സ് ടൗൺ വഴിയാണ് നിലവിൽ ബസിന്റെ സർവീസ്. മലയോരത്തെ യാത്രക്കാർ ഇരിട്ടിയിൽ രാവിലെ 7.45ന് എത്തുന്ന ബസ് കാത്ത് നിൽക്കുന്നത് പതിവ് കാഴ്‌ച. വയനാട് ജില്ലയുമായി പയ്യന്നൂർ, ഇരിട്ടി ഉൾപ്പെടെയുള്ള പ്രദേശങ്ങളെ കൂട്ടിയിണക്കി മല കയറിയിറങ്ങുന്ന ഈ ബസ് കെ.എസ്.ആർ.ടി.സി.യുടെ ജനപ്രിയ സർവീസുകളിൽ പ്രധാനപ്പെട്ടതാണ്.
കൊക്കോ കൃഷി പ്രചാരത്തിലായ ഘട്ടത്തിൽ കാഡ്‌ബറീസ് ഇന്ത്യാ ലിമിറ്റഡിന്റെ സംഭരണകേന്ദ്രം വയനാട്ടിലായിരുന്നു. പൊളിച്ചെടുത്ത കൊക്കൊ ബക്കറ്റുകളിലും കന്നാസുകളിലുമാക്കി ചെറുകിട കർഷകർ ഇരിട്ടിയിൽനിന്ന് വയനാട്ടിലേക്ക് പോകാൻ ആദ്യകാലങ്ങളിൽ ആശ്രയിച്ചതും ഈ ബസാണ്.