നെയ്യാറിൽ കുളിക്കാനിറങ്ങിയ പ്ലസ്‌വൺ വിദ്യാർഥി മുങ്ങി മരിച്ചു

നെയ്യാറ്റിൻകര : നെയ്യാറിൽ കുളിക്കാനിറങ്ങിയ പ്ലസ്‌വൺ വിദ്യാർഥി മുങ്ങി മരിച്ചു. പ്ലാമൂട്ടുക്കട, നല്ലൂർവട്ടം, മാങ്കോട്ടുവിള പുത്തൻവീട്ടിൽ കെ.മണികണ്ഠൻ നായരുടെയും രാജേശ്വരിയുടെയും മകൻ എം.രാം മാധവ്(16) ആണ് മരിച്ചത്. പതിനൊന്നാം ക്ളാസ് വിദ്യാർഥിയാണ്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ കൃഷ്ണപുരം ആറാട്ടുകടവിനു സമീപമാണ് സംഭവം.
രാവിലെ ഗ്രാമത്തെ ട്യൂഷൻ സെന്ററിൽ രാം മാധവിന് ട്യൂഷനുണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞ് സഹപാഠികളായ രണ്ടു കുട്ടികൾക്കൊപ്പം വരുന്നതിനിടെയാണ് നെയ്യാറിൽ കുളിക്കാനായി ഇറങ്ങിയത്. അടുത്ത ദിവസങ്ങളിൽ ലഭിച്ച മഴകാരണം നെയ്യാറിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇതുകാരണം കൂട്ടുകാർ രാം മാധവിനെ കുളിക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
എന്നാൽ, വസ്ത്രങ്ങൾ കടവിൽ ഊരിവെച്ചശേഷം കുട്ടി നെയ്യാറിലിറങ്ങുകയായിരുന്നു. ഒഴുക്കിൽപ്പെട്ടു കാണാതായതിനെത്തുടർന്ന് സുഹൃത്തുക്കൾ നിലവിളിച്ച് ബഹളമുണ്ടാക്കി. അഗ്നിരക്ഷാസേനക്കാരെത്തിയെങ്കിലും കൃഷ്ണപുരം റോഡിലൂടെ വാഹനത്തിനു കടന്നുപോകാനായില്ല.
തുടർന്ന് പഴയ ടോൾ വഴിയുള്ള റോഡിലൂടെയാണ് വാഹനമെത്തിയത്. ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെടുത്തു.
ഗോകുലം മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. വിദ്യാർഥിനി രഞ്ജിമ സഹോദരിയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. നെയ്യാറ്റിൻകര പോലീസ് കേസെടുത്തു.