300 കിലോ നിരോധിത ഒറ്റത്തവണ ഉപയോഗ വസ്തുകൾ പിടിച്ചെടുത്തു
കണ്ണൂർ: ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കോർപറേഷനിലെ എളയാവൂർ സോൺ, മുണ്ടേരി, ചെമ്പിലോട് പഞ്ചായത്ത് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 300 കിലോ നിരോധിത ഒറ്റത്തവണ ഉപയോഗ വസ്തുകൾ പിടിച്ചെടുത്തു.
ഫാമിലി ട്രേഡേഴ്സ് ഏച്ചൂർ, ഫ്രൻസ് ഏജൻസിസ് ചക്കരക്കല്ല്, തൈക്കണ്ടി ഏജൻസിസ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് തെർമോ കോൾ പ്ലേറ്റുകൾ, പേപ്പർ കപ്പുകൾ, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഗ്ലാസുകൾ പ്ലാസ്റ്റിക് കാരിബാഗുകൾ എന്നിവ കണ്ടെടുത്തത്.
കുടിവെള്ളവും ശീതളപാനീയങ്ങളും മാത്രം വിൽപന നടത്താൻ അനുമതിയുളള തൈക്കണ്ടി ഏജൻസീസ് പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കൂടി അനധികൃതമായി സൂക്ഷിച്ചതായി സ്ക്വാഡ് കണ്ടെത്തി. സ്ഥാപനങ്ങൾക്ക് 10,000 രൂപ വീതം പിഴ ചുമത്തി.
തുടർ നടപടികൾക്ക് തദ്ദേശസ്ഥാപനങ്ങൾക്ക് സ്ക്വാഡ് നിർദേശം നൽകി. പരിശോധക്ക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയ കുമാർ, ഷെരി കുൾ അൻസാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.ജി. അജിത് എന്നിവർ നേതൃത്വം നൽകി.
ചിറക്കൽ പഞ്ചായത്തിൽ നടത്തിയ പരിശോധനയിലും നിയമലംഘനങ്ങൾ കണ്ടെത്തി. കല്ലറത്തോട്ടിൽ പ്രവർത്തിക്കുന്ന നവരത്ന ഓഡിറ്റോറിയം, അലവിലെ ശ്രീ ഷിർദി സായി മന്ദിരം, കടലായി ശ്രീ കൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ മലിനജലം, ഖരമാലിന്യം എന്നിവ സംസ്കരിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടില്ലെന്ന് കണ്ടെത്തി.
കൂടിയ അളവിൽ മാലിന്യം ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങൾ ഖരദ്രവ മാലിന്യ സംസ്കരണത്തിന് ഏർപ്പെടുത്തേണ്ട നിയമപ്രകാരമുള്ള സംവിധാനങ്ങൾ ഈ സ്ഥാപനങ്ങളും സ്ഥാപിക്കേണ്ടതാണ്. ഇതു സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ ചിറക്കൽ പഞ്ചായത്ത് സെക്രട്ടറിക്ക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദേശം നൽകി. ടീം ലീഡർ എം.വി. സുമേഷ്, അംഗങ്ങളായ കെ. സിറാജുദ്ദീൻ, നിതിൻ വത്സലൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
