പഞ്ചഗുസ്തിയിൽ വെള്ളിക്കിലുക്കവുമായി മണിക്കടവിന്റെ ത്രേസ്യാമ്മ ടീച്ചർ
ഇരിട്ടി: കസാഖിസ്താനിൽ നടന്ന ലോക ഗ്രാൻഡ് മാസ്റ്റർ വിഭാഗം പഞ്ചഗുസ്തി മത്സരത്തിൽ വെള്ളിമെഡൽ നേടി നാടിന് അഭിമാനമായ മണിക്കടവ് സ്വദേശിയും പടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപികയുമായ എം.എം. ത്രേസ്യാമ്മക്ക് ജന്മനാട് സ്വീകരണം നൽകി.
ഇടതും വലതും കൈ മത്സരത്തിൽ ഇരട്ട വെള്ളിമെഡൽ നേടിയാണ് ടീച്ചർ രാജ്യത്തിനും ജന്മനാടിനും അഭിമാനമായത്. സ്പോർട്സിനോടുള്ള പ്രണയം കാരണം ടീച്ചർ സ്വന്തം പോക്കറ്റിൽ നിന്നും ഏകദേശം രണ്ട് ലക്ഷം രൂപ മുടക്കിയാണ് കസാഖിസ്താനിലേക്ക് പോയത്.
ഗ്രാൻഡ് മാസ്റ്റർ വിഭാഗത്തിൽ 60 കിലോ വിഭാഗത്തിൽ രണ്ട് റൗണ്ട് മത്സരത്തിലും വിജയം ആവർത്തിച്ച ടീച്ചർ ഫൈനൽ റൗണ്ടിൽ കസാഖിസ്താൻ എതിരാളിക്ക് മുന്നിൽ മാത്രമാണ് കീഴടങ്ങിയത്. കോച്ച് ഫൈസലിന്റെ ശിക്ഷണത്തിലാണ് പരിശീലനം നടത്തുന്നത്.
പഞ്ചഗുസ്തി അസോസിയേഷൻ ആണ് മത്സരത്തിൽ പങ്കെടുക്കാൻ ടീച്ചറിന് അവസരം ഒരുക്കിയത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ടീച്ചർക്ക് മണിക്കടവ് പൗരാവലി ഹൃദ്യമായ വരവേൽപ്പ് നൽകിയത്.
