പേരാവൂർ താലൂക്കാസ്പത്രി കെട്ടിട നിർമാണത്തിന് ഭരണ സമിതി തയ്യാറാകണം; ഡി.വൈ. എഫ്.ഐ

പേരാവൂർ : താലൂക്കാസ്പത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണം ഉടൻ ആരംഭിക്കാൻ ആസ്പത്രി ഭരണ സമിതി തയ്യാറാകണമെന്ന് ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു.അല്ലാത്തപക്ഷം ശക്തമായ സമര പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയിലൂടെ അറിയിച്ചു.
നിർമാണ പ്രവൃത്തി വേഗത്തിലാക്കാൻ ഉത്തരവാദപ്പെട്ട നിയോജക മണ്ഡലം എം.എൽ.എ സണ്ണി ജോസഫ് യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ലെന്ന് ഡി.വൈ.എഫ്. ഐ ആരോപിച്ചു.12 വർഷമായി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും എൽ.ഡി. എഫ് സർക്കാർ സംസ്ഥാനത്താകെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കപ്പുറം എം. എൽ.എ മണ്ഡലത്തിലെ ജനങ്ങൾക്കായി ഒന്നുംതന്നെ ചെയ്തിട്ടില്ലെന്നും ഡി.വ. എഫ്. ഐ ആരോപിക്കുന്നു.
എൽ.ഡി.എഫ് സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തരുതെന്ന നിർബന്ധബുദ്ധിയോടെ എം. എൽ.എ ഉൾപ്പെടെ ഇടപെടുമ്പോൾ കെട്ടിട നിർമാണ പ്രവൃത്തിയാരംഭിക്കാൻ ആസ്പത്രി ഭരണസമിതി കാര്യക്ഷമമമായി ഇടപെടണം.
പേരാവൂർ താലൂക്കാസ്പത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം , ആധുനിക സജ്ജീകരണങ്ങളോടെയുള്ള പ്രസവ ചികിത്സ, ഡയാലിസിസ് യൂണിറ്റ്, ദന്തരോഗ വിഭാഗം, സ്പീച്ച് തെറാപ്പി, ഓഡിയോളജി വിഭാഗം എന്നിവ എൽ.ഡി.എഫ് സർക്കാരാണ് പ്രാവർത്തികമാക്കിയത്. ജില്ലയിലെ ഏറ്റവും വലിയ ഓക്സിജൻ പ്ലാന്റ് പേരാവൂരിൽ ഉദ്‌ഘാടനത്തിനൊരുങ്ങി നിൽക്കുകയാണ്.
ബ്ലോക്ക് പഞ്ചായത്തിന്റെയും എൽ.ഡി. എഫിന്റെയും ഇടപെടലിനെ തുടർന്നാണ് പിണറായി സർക്കാർ കിഫ്‌ബിയിലുൾപ്പെടുത്തി 53 കോടി രൂപ പുതിയ ആസ്പത്രി കെട്ടിടത്തിനായി അനുവദിച്ചത്.എന്നാൽ, കെട്ടിടത്തിന്റെ പ്രവൃത്തി സാങ്കേതിക പ്രശ്നത്തിൽ കുരുങ്ങി ആരംഭിക്കാത്ത സാഹചര്യമാണെന്നും ഡി.വൈ. എഫ്.ഐ പ്രസ്താവനയിൽ അറിയിച്ചു.എൽ.ഡി.എഫ് ഭരിക്കുന്ന പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്ക് കീഴിലാണ് ആസ്പത്രി.