‘ചില പോസ്റ്റുകള്‍ നിര്‍ഭാഗ്യകരം’; പി.ജയരാജന്റെ മകനെതിരെ സി.പി.എം രംഗത്ത്

Share our post

കണ്ണൂര്‍: ഡി.വൈ.എഫ്‌.ഐ നേതാവിനു സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റു പങ്കുവച്ചു സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്റെ മകന്‍ ജെയിന്‍രാജിനെതിരെ സി.പി.എം രംഗത്ത്. സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്‌.ഐ പാനൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ കിരണ്‍ കരുണാകരനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന പോസ്റ്റുകള്‍ അനവസരത്തിലുള്ളതും, പ്രസ്ഥാനത്തിനെ ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. ആരുടെയും പേരെടുത്തു പറയാതെയാണു പ്രസ്താവന.
സോഷ്യല്‍ മീഡിയയില്‍ ഇടപെടുമ്പോള്‍ സഭ്യമല്ലാത്ത ഭാഷകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നത് പാര്‍ട്ടി നയമാണെന്നു പ്രസ്താവനയില്‍ പറയുന്നു. കിരണ്‍ കരുണാകരന്റെ ഫെയ്‌സ്ബുക്കില്‍ ഒരു വര്‍ഷം മുമ്പ് വന്ന തെറ്റായ പരാമര്‍ശം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെടുകയും അപ്പോള്‍ തന്നെ തെറ്റു തിരുത്തുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ വീണ്ടും ഇപ്പോള്‍ ഈ പോസ്റ്റുമായി രംഗത്ത് വന്നു പ്രചരിപ്പിക്കുന്നത് തികച്ചും വിരോധാഭാസമാണ്. വ്യക്തിപരമായ പോരായ്മകള്‍ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെടുത്താന്‍ പാര്‍ട്ടിക്കുള്ളില്‍ സംവിധാനങ്ങളുണ്ടെന്നിരിക്കെ രാഷ്ട്രീയ എതിരാളികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ പാര്‍ട്ടി കോണുകളില്‍നിന്നു വരുന്ന ചില ചില പോസ്റ്റുകള്‍ നിര്‍ഭാഗ്യകരമാണ്. സോഷ്യല്‍ മീഡിയകളില്‍ ഇടപ്പെടുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മിതത്വം പാലിക്കണമെന്നും പാനൂര്‍ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള അഭ്യര്‍ത്ഥിച്ചു.

കിരണിന് സ്വർണക്കടത്തു കേസിലെ അർജുൻ ആയങ്കിയുമായി ബന്ധമുണ്ടെന്ന രീതിയിലായിരുന്നു പി.ജയരാജന്റെ മകൻ ജെയിൻ രാജിന്റെ പോസ്റ്റ്. അർജുൻ ആയങ്കിയുടെ കല്യാണത്തിൽ കിരൺ പങ്കെടുത്തതിന്റെ തെളിവെന്ന തരത്തിൽ ഫോട്ടോയും ജെയിൻരാജ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. 30 കിലോമീറ്റർ അപ്പുറത്ത് കല്യാണം കൂടാൻ പോയത് ഇവർ തമ്മിൽ ഒരു ബന്ധവും ഇല്ലാത്തതു കൊണ്ടാണോയെന്നും ജെയിൻ രാജ് പോസ്റ്റിൽ ചോദിക്കുന്നു.

പിന്നാലെ ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടേറിയറ്റ് ജെയിൻ രാജിനെതിരെ പേരുപറയാതെ പ്രസ്താവനയിറക്കി. സംഘടനയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്നായിരുന്നു ഡി.വൈ.എഫ്‌.ഐയുടെ പ്രതികരണം. വിഷയം നേരത്തേ ചർച്ച ചെയ്തതാണ്. ആവശ്യമായ തെറ്റുതിരുത്തൽ പ്രക്രിയയ്ക്കു വിധേയമാക്കിയിട്ടുണ്ടെന്നും ഡി.വൈ.എഫ്‌.ഐ വിശദീകരിക്കുന്നു. ഒരു വർഷം മുൻപ് ഡി.വൈ.എഫ്ഐ ചർച്ച ചെയ്ത് ആവശ്യമായ തെറ്റുതിരുത്തൽ വരുത്തിയ വിഷയം വീണ്ടും കുത്തിപ്പൊക്കുന്നതു കുബുദ്ധികളുടെ ദുഷ്ടലാക്കാണ്. നേതാക്കളെ ജനമധ്യത്തിൽ താറടിച്ചു കാണിക്കാനുള്ള ഹീനശ്രമം പ്രതിഷേധാർഹമാണെന്നും പ്രസ്താവനയിൽ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!