മട്ടന്നൂർ സബ് രജിസ്ട്രാർ ഓഫീസ് ഇന്ന് മുതൽ പുതിയ കെട്ടിടത്തിൽ
മട്ടന്നൂർ : മട്ടന്നൂരിലെ സബ് രജിസ്ട്രാർ ഓഫീസ് തിങ്കളാഴ്ചമുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങും. മേയ് 16-ന് തലശ്ശേരി റോഡിൽ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തെങ്കിലും മൂന്നുമാസം കഴിഞ്ഞിട്ടും ഓഫീസ് മാറ്റിയിരുന്നില്ല. ഫർണിച്ചർ സ്ഥാപിക്കാൻ വൈകിയതിനാലാണ് ഓഫീസിന്റെ പ്രവർത്തനം തുടങ്ങാതിരുന്നത്. റോഡിലെ വാടകക്കെട്ടിടത്തിലാണ് വർഷങ്ങളായി സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നത്.
പുതിയ കെട്ടിടത്തിൽ ഫർണിച്ചറും ഫയലുകളും മറ്റും എത്തിച്ചിട്ടുണ്ട്. ഇവിടെ രജിസ്ട്രേഷൻ ചൊവ്വാഴ്ചയാണ് തുടങ്ങുക. തലശ്ശേരി റോഡിൽ എക്സൈസ് ഓഫീസിന് സമീപത്തായാണ് എല്ലാവിധ സൗകര്യങ്ങളോടുംകൂടി പുതിയ കെട്ടിടം നിർമിച്ചത്. മന്ത്രി വി.എൻ. വാസവൻ ഓൺലൈനായാണ് ഉദ്ഘാടനം നടത്തിയത്. ഫർണിച്ചറും മറ്റും സ്ഥാപിക്കേണ്ടതിനാൽ ഒരുമാസം പഴയ കെട്ടിടത്തിൽത്തന്നെ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുമെന്ന് ഉദ്ഘാടനവേളയിൽ അറിയിപ്പ് നൽകിയിരുന്നു.
സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം നിർമിച്ച് ഒരുവർഷം കഴിഞ്ഞിട്ടും തുറന്നുപ്രവർത്തിച്ചിരുന്നില്ല. പുതിയ കെട്ടിടം തുറക്കാതെ കാടുകയറുന്നത് വാർത്തയായിരുന്നു. ഇതോടെയാണ് അധികൃതർ ഇടപെട്ട് ഓഫീസ് ഉദ്ഘാടനംചെയ്യാൻ നടപടി സ്വീകരിച്ചത്. ജലസേചന വകുപ്പിൽനിന്ന് കൈമാറിക്കിട്ടിയ സ്ഥലത്താണ് സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം നിർമിച്ചത്. ഓഫീസ് പ്രവർത്തനം മാറ്റാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ സമരങ്ങളും നടത്തിയിരുന്നു.
