ഒടുവിൽ മത്തി ‘കൈയെത്തും ദൂരത്ത്’
പേരാവൂർ: മുന്നൂറും കടന്ന് മുന്നേറിയ മത്തി ഒടുവിൽ സാധാരണക്കാരുടെ ‘കൈയെത്തുംദൂരത്ത്’. മീൻ വരവ് ഏറിയതോടെ മത്തി, അയല, കിളി മീനുകൾക്കെല്ലാം വില കുറഞ്ഞു. ട്രോളിങ് നിരോധന കാലത്ത് മീൻ വില കുതിച്ചുയർന്നിരുന്നു. സാധാരണക്കാർ ഏറ്റവും കൂടുതലായി വാങ്ങിയിരുന്ന മത്തിക്കാകട്ടെ 300 കടന്നിരുന്നു.
ഇപ്പോൾ വലിയ മത്തി വില 150 രൂപയും വലിയ അയല 150 രൂപയിലുമെത്തി. കാലാവസ്ഥ അനുകൂലമായതോടെ കടലിൽ പോകുന്നവരുടെ എണ്ണം വർധിക്കുകയും ഇവർക്കെല്ലാം മത്സ്യം സുലഭമായതുമാണ് ഇപ്പോൾ വിലക്കുറവിന് കാരണമായത്. ലഭ്യത വർധിച്ചതോടെ മലയോര സ്ഥലങ്ങളിലേക്കും വലിയതോതിൽ മീൻ എത്തിത്തുടങ്ങിയത് സാധാരണക്കാർക്ക് ആശ്വാസമായി. ചെറിയ മത്തി നൂറിലും താഴ്ന്നനിരക്കിൽ വിറ്റഴിക്കുന്നവരും എത്താറുണ്ട്.
