വന്ദേമാതരം ഗാന ചിത്രീകരണത്തിനായി മുൻ മിസ്റ്റർ പഞ്ചാബ് കണ്ണൂരിൽ

കണ്ണൂർ: ഡോക്ടർ സി.വി രഞ്ജിത്ത് സംവിധാനവും സംഗീത സംവിധാനവും നിർവ്വഹിക്കുന്ന ദേശഭക്തിഗാനമായ വന്ദേമാതരത്തിന്റെ ഗാനചിത്രീകരണത്തിനായി മുൻ മിസ്റ്റർ പഞ്ചാബും പ്രശസ്ത മോഡലുമായ സത്കർതർ സിംഗ് കണ്ണൂരിലെത്തി. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഇന്ത്യയുടെ ഭംഗി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗാന ചിത്രീകരണം ജൂലായ് മാസമാണ് ആരംഭിച്ചത്.
ആദ്യ ഷെഡ്യൂളിൽ ഡൽഹി, ആഗ്ര, അമൃത്‌സർ, കുളു മനാലി, ലഡാക്ക്, കേദാർനാഥ്, ശ്രീനഗർ, കേരൻ മുംബൈ എന്നീ സ്ഥലങ്ങളിൽ ഗാന ചിത്രീകരണം പൂർത്തിയാക്കി. രണ്ടാമത്തെ ഷെഡ്യൂളിൽ ബംഗളൂരു, മൈസൂരു, ഹംപി തുടങ്ങിയ ഇടങ്ങൾ ചിത്രീകരിച്ചു.ഇപ്പോൾ മൂന്നാമത്തെ ഷെഡ്യൂൾ ചിത്രീകരണമാണ് കണ്ണൂരിൽ ആരംഭിച്ചിരിക്കുന്നത്. 2024 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ഗാനത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
കേട്ടു ശീലിച്ച ഈണങ്ങളിൽ നിന്ന് വ്യത്യസ്തമായി ദേശഭക്തി തുളുമ്പുന്ന ഒരു പുതിയ ഈണം സൃഷ്ടിക്കുക എന്നത് ഏറെ ശ്രമകരവും വെല്ലുവിളി നിറഞ്ഞതും ആയിരുന്നുവെന്ന് ഡോക്ടർ സി.വി രഞ്ജിത്ത് പറയുന്നു. ദുബായിലെ റേഡിയോ അവതാരകയും ഗാനരചയിതാവുമായ സുമിത ആയില്ല്യത്ത് ആണ് ഗാനത്തിനായി വരികൾ രചിച്ചത്. മുംബൈയിലെ ഗായകനായ അസ്ലമാണ് ഗാനം ആലപിക്കുന്നത്.
ഗാനത്തിന്റെ റെക്കോർഡിംഗ് മുംബയിൽ നടന്നു. മ്യൂസിക് പ്രൊഡക്ഷൻ നിർവഹിക്കുന്നത് അശ്വിൻ ശിവദാസ് ആണ്. പ്രൊഡക്ഷൻ: ആർ മീഡിയ കണ്ണൂർ, എഡിറ്റിംഗ്: ദീപ്തി ജയപ്രകാശൻ. പാട്ടിനൊപ്പം ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിക്കുന്നതും ഡോ. സി.വി രഞ്ജിത്ത് തന്നെയാണ്.
നേരത്തെ കണ്ണൂർ ജില്ലയുടെ ടൂറിസത്തിനായി രഞ്ജിത്ത് ഒരുക്കിയ ‘ദ സോംഗ് ഓഫ് കണ്ണൂർ: ഹെവൻ ഓഫ് ടൂറിസം’ എന്ന ഗാനം തരംഗമായിരുന്നു. പ്രസ്തുത ഗാനത്തിലൂടെ ബാബാസാഹിബ് ഡോക്ടർ ബി.ആർ അംബേദ്കർ അന്താരാഷ്ട്ര പുരസ്കാരവും അദ്ദേഹത്തിന് കിട്ടിയിരുന്നു.