പാൽച്ചുരം ബോയ്സ് ടൗൺ റോഡ് വീണ്ടും തകർന്നു ;അറ്റകുറ്റപ്പണികൾ പാഴായി

Share our post

കൊട്ടിയൂർ: കണ്ണൂർ- വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ പാൽച്ചുരം ബോയ്സ് ടൗൺ റോഡ് വീണ്ടും തകർന്നു. ഹെയർ പിൻ വളവുകളിലും ചുരത്തിലും റോഡ് തകർന്ന് വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത നിലയിലേക്ക് അനുദിനം മാറുകയാണ്. മലയോരത്ത് മഴ തുടരുന്നതിനാൽ തകർന്ന റോഡിലൂടെയുള്ള യാത്ര യാത്രക്കാരുടെ നടുവൊടിക്കുന്നു.

കഴിഞ്ഞ മേയ് മാസത്തിൽ 10 ദിവസത്തിലധികം റോഡ് പൂർണമായും അടച്ചിട്ട് അറ്റകുറ്റ പ്രവൃത്തി നടത്തിയിരുന്നു. ജൂൺ ഒന്നു മുതൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുകയും ചെയ്തു.റോഡിൽ സ്ഥിരമായി പൊട്ടിപ്പൊളിയുന്ന മൂന്നിടങ്ങളിൽ ഇന്റർലോക്ക് ചെയ്‌തെങ്കിലും ഇപ്പോൾ അതും തകരുന്ന സ്ഥിതിയാണ്.

പാൽച്ചുരം മുതൽ ബോയ്സ് ടൗൺ വരെ കുഴികൾ അടച്ചിരുന്നു. നിലവിൽ ടാറിംഗ് തകർന്ന് ഹെയർ പിൻ വളവുകളിലെ മെറ്റൽ ഇളകി റോഡിൽ വ്യാപിച്ച നിലയിലാണ്. ഇരുചക്രവാഹനമുൾപ്പെടെ
ചെറിയ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായി. ആശ്രമം ജംഗ്ഷനിൽ വലിയ വാഹനങ്ങളും അപകടത്തിൽപ്പെടുന്നുണ്ട്.

റോഡ് തകരുകയും ചരക്ക് ലോറികൾ ഉൾപ്പെടെ അപകടത്തിൽപെടുന്നതും പതിവായതോടെ റോഡ് പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കി ചുരം പാതയിലൂടെ ജീവൻ പണയം വച്ചുള്ള യാത്രയ്ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.

അറ്റകുറ്റ പ്രവൃത്തികൾക്കായി അനുവദിച്ചിരുന്നത്  85 ലക്ഷം.11 ലക്ഷം രൂപയുടെ പ്രവൃത്തി മേയ് മാസത്തിൽ പൂർത്തിയാക്കി

കൊട്ടിയൂർ വൈശാഖോത്സവം പരിഗണിച്ച് വേഗത്തിൽ തുറക്കേണ്ടിവന്നു
ടാറിംഗ് ഉൾപ്പെടെയുള്ള പൂർത്തിയാക്കുന്നതിന് മുമ്പാണ് തുറന്നത്

ദിവസങ്ങൾക്കുള്ളിൽ തന്നെ കോൺക്രീറ്റ് ഇട്ട ഭാഗത്ത് വിള്ളലുണ്ടായി

ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്
മാനന്തവാടിയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള എളുപ്പമാർഗം

വഴിതടയൽ സമരം സംഘടിപ്പിച്ചു

കൊട്ടിയൂർ: പൊട്ടിപ്പൊളിഞ്ഞ കൊട്ടിയൂർ പാൽച്ചുരം ബോയ്സ് ടൗൺ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് പാൽച്ചുരത്ത് വഴി തടയൽ സമരം സംഘടിപ്പിച്ചു. കൊട്ടിയൂർ മലയോര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് നാട്ടുകാർ വഴി തടഞ്ഞത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!