കാട്ടാനശല്യം: തൂക്കുവേലിയുടെ നിർമാണം പൂർത്തിയായി
ഇരിട്ടി : രൂക്ഷമായ കാട്ടാനശല്യത്തെ പ്രതിരോധിക്കാൻ ജനകീയ കൂട്ടായ്മയിൽ വനംവകുപ്പിന്റെ സഹായത്തോടെ രണ്ട് കിലോമീറ്റർ തൂക്കുവേലിയുടെ നിർമാണം പൂർത്തിയായി.
വളയംചാൽ മുതൽ കളികയുംവരേയുള്ള ഭാഗങ്ങളെ ബന്ധിപ്പിച്ചാണ് തൂക്കുവേലി നിർമിച്ചിരിക്കുന്നത്. ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് വളയംചാൽ പുഴ കടന്ന് ജനവാസമേഖലയിലെത്തുന്ന കാട്ടനകളെ പ്രതിരോധിക്കാനാണ് ജനകീയ കൂട്ടായ്മയിൽ തൂക്കുവേലി നിർമിച്ചത്.
വനംവകുപ്പിന്റെ സഹായത്തോടെ വേലി നിർമിക്കാനുള്ള ശ്രമം നീണ്ടുപോയതോടെയാണ് നാട്ടുകാർ 14 അംഗ ജനകീയകൂട്ടായ്മ രൂപവത്കരിച്ച് തൂക്കുവേലിയുടെ നിർമാണം ആരംഭിച്ചത്. വനംവകുപ്പും സഹായത്തിനെത്തിയതോടെ വേലിനിർമാണം എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞു. രണ്ടുലക്ഷം രൂപ നാട്ടുകാരിൽനിന്ന് സ്വരൂപിച്ചാണ് നിർമാണം തുടങ്ങിയത്. ജോസ് നെടുംപുറം, കെ.എം. ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ഞായറാഴ്ച വൈകീട്ട് വളയംചാലിൽ നടക്കുന്ന ചടങ്ങിൽ കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് വേലി ഉദ്ഘാടനം ചെയ്യും. കൊട്ടിയൂർ റെയ്‌ഞ്ചർ സുധീർ നെരോത്ത്, ഫോറസ്റ്റർ സി.കെ. മഹേഷ്, വാർഡംഗങ്ങൾ, വിവിധ രാഷ്ടീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
