ജലസാഹസിക വിനോദങ്ങൾക്ക് ഇനി പുല്ലൂപ്പിക്കടവും

കണ്ണൂർ : പ്രകൃതിദത്തമായ ജലവിനോദങ്ങൾക്ക് സജ്ജമായി പുല്ലൂപ്പിക്കടവ്. നാറാത്ത് ഗ്രാമപ്പഞ്ചായത്തിൽ വളപട്ടണം പുഴയുടെ തീരത്ത് ടൂറിസം വകുപ്പ് നടപ്പാക്കിയ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി ശനിയാഴ്ച ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഇതോടെ ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി പുല്ലൂപ്പിക്കടവ് മാറും.
മനോഹരമായ പ്രകൃതിദൃശ്യങ്ങളും പ്രത്യേക സമയത്ത് കൂട്ടമായെത്തുന്ന ദേശാടനപ്പക്ഷികളുടെ സാന്നിധ്യവും ജലയാത്രാ സൗകര്യങ്ങളും പുല്ലൂപ്പിയെ ജനപ്രിയകേന്ദ്രമാക്കുന്നു. കാട്ടാമ്പള്ളിപ്പുഴയുടെ ജലസാഹസിക ടൂറിസത്തിന്റെ ഭാഗമായി ഫ്ളോട്ടിങ് ഡൈനിങ് ആണ് പദ്ധതിയുടെ പ്രധാന ആകർഷണം. നാല് വില്പനസ്റ്റാളുകൾ നിർമിച്ചിട്ടുണ്ട്.
പ്രാദേശിക ഭക്ഷണവിഭവങ്ങൾ അടക്കമുള്ള മലബാറിന്റെ തനതുരുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യവിപണന കേന്ദ്രങ്ങളായി നാല് കിയോസ്കുകളും ആധുനികം റസ്റ്റോറന്റും സജ്ജീകരിച്ചു. 25 പേർക്ക് ഇരിക്കാവുന്ന എട്ടുമേശകൾ സജ്ജീകരിച്ചുവെക്കാൻ സാധിക്കുന്നതാണ് ഫ്ളോട്ടിങ് ഡൈനിങ് യൂണിറ്റ്.
ഒരു സിംഗിൾ യൂണിറ്റ്, നാലുപേർക്ക് ഇരിക്കാവുന്ന ആറ് സിംഗിൾ യൂണിറ്റുകൾ എന്നിവ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ടൂറിസ്റ്റുകൾക്ക് ബോട്ടുകൾ, നാടൻ വള്ളം, കയാക്കിങ് സംവിധാനം എന്നിവ വഴി പുഴയുടെ സൗന്ദര്യം ആസ്വദിച്ച് ഫ്ളോട്ടിങ് ഡൈനിങ്ങിൽ എത്താൻ സാധിക്കും.
നടപ്പാതയും ഇരിപ്പിടങ്ങളും പുഴയുടെ മനോഹാരിത വീക്ഷിക്കുന്ന തരത്തിൽ രണ്ട് ഡെക്കും ഒരുക്കി. ബോട്ടിൽ കയറുന്നതിനും ഇറങ്ങുന്നതിനും ഡോക്ക് ഏരിയ പ്രത്യേകമായി നിർമിച്ചിട്ടുണ്ട്. ബോട്ട് ജെട്ടി മാതൃകയിൽ ബോട്ടുകൾക്ക് പാർക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ഡോക്ക് സംവിധാനം.
ടൂറിസം പാർക്ക് എന്ന നിലയിൽ ലാൻഡ്‌സ്‌കേപ്പിങ്, ഗാർഡനിങ്, വൈദ്യുതി വിതരണം എന്നീ സംവിധാനങ്ങൾ കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. കെൽ ആണ് പദ്ധതി നിർവഹണം നടത്തിയത്. പദ്ധതി നടത്തിപ്പിനായി ടെൻഡർ വിളിച്ച് ഏജൻസിയെ കണ്ടെത്തും.