ഏഷ്യൻ ഗെയിംസിൽ കണ്ണൂർ തിളക്കമാകാൻ ജിസ്ന

കണ്ണൂർ: ചൈനയിലെ ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ അത‍്‍ലറ്റിക്സ് സംഘത്തിൽ കണ്ണൂരുകാരിയും. കരുവഞ്ചാൽ താവുകുന്ന് സ്വദേശി ജിസ്ന മാത്യു 4–400 മീറ്റർ റിലേയിലും 4–400 മീറ്റർ മിക്സഡ് റിലേയിലും ബാറ്റണേന്തും. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ റിലേ ടീം അംഗമായിരുന്നു.
2015ൽ 400 മീറ്ററിൽ ഏഷ്യൻ യൂത്ത് ചാംപ്യൻഷിപ്പിലും കോമൺവെൽത്ത് യൂത്ത് ഗെയിംസിലും 4X400 മീറ്റർ റിലേയിൽ ഏഷ്യൻ ചാംപ്യൻഷിപ്പിലും വെള്ളി മെഡൽ നേടിയതോടെയാണ് ഈ സ്പ്രിന്റർ രാജ്യാന്തര ശ്രദ്ധ നേടുന്നത്.
2016ൽ ബ്രസീൽ ഒളിംപിക്സിൽ 4×400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീം അംഗമായി.2019 ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ 4×400 മിക്സഡ് റിലേയിൽ പങ്കെടുത്തു.6 സ്വർണം അടക്കം 12 രാജ്യാന്തര മെഡലുകൾ നേടി. ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്സിന്റെ സംഭാവനയാണ്.