കണ്ണൂര്‍ വിമാനത്താവളം; സൗകര്യങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയറിയിച്ച് പാര്‍ലമെൻ്ററി സമിതി

കണ്ണൂർ : വിമാനത്താവളത്തിൻ്റെ സൗകര്യങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയറിയിച്ച് പാര്‍ലമെൻ്ററി സമിതി. കണ്ണൂര്‍ വിമാനത്താവള മാതൃക പ്രശംസനീയമെന്ന് ചെയര്‍മാൻ വി വിജയ് സായ് റെഡ്ഡി എം.പി പറഞ്ഞു.
കണ്ണൂരിന് പോയിൻറ് ഓഫ് കോള്‍ പദവി അനുവദിക്കാൻ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യുമെന്നും വിമാനത്താവളം സന്ദര്‍ശിച്ചതിന് ശേഷം സമിതി അംഗങ്ങള്‍ വ്യക്തമാക്കി.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ സൗകര്യങ്ങളിലും നടത്തിപ്പിലും പൂര്‍ണ്ണ തൃപ്തി അറിയിച്ചാണ് പാര്‍ലമെന്ററി സമിതി മടങ്ങിയത്. വിമാനത്താവളത്തിനകത്ത് ചേര്‍ന്ന യോഗത്തില്‍ കിയാല്‍ അധികൃതരും വ്യോമയാന ടൂറിസം മന്ത്രാലയം, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
വിമാനത്താവളത്തിന്റെ നിലവിലെ അവസ്ഥയും ആവശ്യങ്ങളും ഉള്‍ക്കൊള്ളുന്ന വിശദമായ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. പോയിന്റ് ഓഫ് കോള്‍ പദവി വേണമെന്ന കണ്ണൂരിന്റെ ആവശ്യം പരിഗണിക്കണമെന്ന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യുമെന്ന് സമിതി ചെയര്‍മാൻ വി. വിജയ് സായ് റെഡ്ഡി എം. പി പറഞ്ഞു.