കൂത്തുപറമ്പ് ഐ.ബി.യുടെ ഉദ്ഘാടനം നീളുന്നു

കൂത്തുപറമ്പ് : നവീകരണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞെങ്കിലും കൂത്തുപറമ്പ് ഐ.ബി.യുടെ (ഇൻസ്പെക്‌ഷൻ ബംഗ്ലാവ്) ഉദ്ഘാടനം നീളുന്നു. പൊതുമരാമത്ത് വകുപ്പിനു കീഴിൽ നഗരസഭാ ഓഫീസിന് സമീപമുള്ള ഇൻസ്പെക്‌ഷൻ ബംഗ്ലാവ് 1.07 കോടി രൂപ ചെലവിലാണ് നവീകരിച്ചത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച രണ്ട് കിടപ്പുമുറികളുള്ള ഴയ ഐ.ബി. കെട്ടിടം നവീകരിച്ചും തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽ ഒരുനില കൂടി പണിതുമുള്ള നവീകരണമാണ് പൂർത്തികരിച്ചത്.
പഴയ കെട്ടിടം പാരമ്പര്യത്തനിമ നിലനിർത്തിയാണ് നവീകരിച്ചത്. കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂര മാറ്റി കോൺക്രീറ്റ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇഇതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ കോൺക്രീറ്റ് ചെയ്യുന്നത് ഒഴിവാക്കി ഓടുതന്നെ നിലനിർത്തി നവീകരണം നടത്തുകയായിരുന്നു.
2006-ൽ നിർമിച്ച ഒറ്റനിലകെട്ടിടത്തിൽ നിലവിൽ മൂന്നുമുറികളും മീറ്റിങ് ഹാളുമാണുള്ളത്. ഒന്നാംനിലയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മീറ്റിങ് ഹാളും ശീതീകരിച്ച നാല് മുറികളുമാണ് ഒരുങ്ങിയത്. പഴയ കെട്ടിടത്തിൽ നിലവിൽ രണ്ട് മുറികൾ കൂടാതെ, ഒരു മുറിയും കാർപോർച്ചുമാണ് നിർമിച്ചത്.
മുറ്റത്ത് ഇന്റർലോക്ക് ചെയ്യുന്ന പ്രവൃത്തിയും ചെടികൾ വെച്ചുപിടിപ്പിച്ചുള്ള സൗന്ദര്യവത്കരണവുമാണ് ബാക്കിയുള്ളത്. ഇത് നിലവിലെ എസ്റ്റിമേറ്റിൽ ഉണ്ടായിരുന്നില്ല. ഇതാണ് ഉദ്ഘാടനം വൈകുന്നതിന് കാരണമാകുന്നത്. പേരാവൂരിലുള്ള പൂജ കൺസ്ട്രക്‌ഷനാണ് നിർമാണച്ചുമതല.